സെരി എ ക്ലബായ ഇന്റർ മിലാനിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് സ്ട്രൈക്കർ റൊമേലു ലുകാകു ബെൽജിയൻ ദേശീയ ടീമിന്റെ മത്സരങ്ങൾക്ക് ഉണ്ടാവില്ല. ദേശീയ ടീമിന്റെ മത്സരങ്ങൾ കളിക്കുന്നതിൽ നിന്ന് ഇന്റർ മിലാൻ താരങ്ങൾക്ക് വിലക്ക് ഏർപെടുത്തിയതോടെയാണ് ലുകാകു ബെൽജിയത്തിന്റെ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് ഉണ്ടാവില്ലെന്ന് ഉറപ്പായത്.
മാർച്ച് 24ന് വെയ്ൽസിനെതിരായാണ് ബെൽജിയത്തിന്റെ ആദ്യ ലോകകപ്പ് യോഗ്യത മത്സരം. കൂടാതെ മാർച്ച് 25ന് നോർത്തേൺ അയർലണ്ടിനെ നേരിടാനിരിക്കുന്ന ഇറ്റലിക്കും ഇന്റർ മിലാന്റെ ഈ തീരുമാനം തിരിച്ചടിയാണ്. ഡെന്മാർക്ക് മിഡ്ഫീൽഡർ ക്രിസ്ത്യൻ എറിക്സൺ, ക്രോയേഷ്യൻ താരങ്ങളായ ഇവാൻ പെരിസിച്, മാഴ്സെലോ ബ്രോസോവിച്ച്, ഇറ്റാലിയൻ താരം മറ്റെയോ ഡർമിയാൻ എന്നിവർക്കെല്ലാം ദേശീയ ടീമിന് വേണ്ടി കളിക്കാനാവില്ല.
ഇന്റർ മിലാൻ ക്യാമ്പിൽ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ശനിയാഴ്ച നടക്കേണ്ട സസുളോക്കെതിരായ ഇന്റർ മിലാന്റെ സെരി എ മത്സരം മാറ്റിവച്ചിരുന്നു. ക്യാപ്റ്റൻ സമീർ ഹണ്ടനോവിച്ച്, ഡാനിലോ അംബ്രോസിയോ, സ്റ്റെഫാൻ ഡി വ്രിജ്, മത്യാസ് വെസിനോ എന്നിവർക്കാണ് ഇന്റർ മിലാൻ ടീമിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.