ബംഗ്ലാദേശ് ടെസ്റ്റ് മത്സരങ്ങള്‍ വിജയിച്ച് തുടങ്ങേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു – മോമിനുള്‍ ഹക്ക്

Sports Correspondent

ടെസ്റ്റ് ഫോര്‍മാറ്റില്‍ ബംഗ്ലാദേശ് മത്സരങ്ങള്‍ വിജയിച്ച് തുടങ്ങേണ്ട സാഹചര്യം അതിക്രമിച്ചു കഴിഞ്ഞുവെന്ന് പറഞ്ഞ് ടീം ക്യാപ്റ്റന്‍ മോമിനുള്‍ ഹക്ക്. എന്നും ലേണിംഗ് മോഡില്‍ തുടരാന്‍ ബംഗ്ലാദേശിന് സാധിക്കില്ലെെന്നും മത്സരങ്ങള്‍ വിജയിക്കേണ്ട സ്ഥിതിയിലേക്ക് ടീം എത്തിയെന്നും മോമിനുള്‍ ഹക്ക് വ്യക്തമാക്കി. ബംഗ്ലാദേശില്‍ എത്തിയ രണ്ടാം നിര വിന്‍ഡീസ് ടീം വരെ രണ്ട് ടെസ്റ്റ് മത്സരങ്ങളും വിജയിച്ച് പരമ്പര സ്വന്തമാക്കി മടങ്ങിയ സാഹചര്യത്തിലൂടെയാണ് ടീം കടന്ന് പോകുന്നത്.

കഴിഞ്ഞ 20 വര്‍ഷമായി ടീം ലേണിംഗ് മോഡിലായിരുന്നുവെന്നും തനിക്ക് ഇനിയും ഈ മോഡില്‍ തുടരണമെന്നില്ലെന്നും പറഞ്ഞ മോമിനുള്‍ ഇനിയൊരു പത്ത് വര്‍ഷം കൂടി ടീം ഈ ഘട്ടത്തിലൂടെ തന്നെ പോകുകയാണെങ്കില്‍ താരങ്ങളുടെ എല്ലാം കരിയര്‍ അവസാനിച്ചതായി കരുതാമെന്നും പറഞ്ഞു. വേഗത്തില്‍ പഠിച്ച് ആ പഠനത്തിന്റെ ഫലം നല്‍കുക എന്നതാണ് ഏറ്റവും പ്രധാനമായ കാര്യമെന്നും മോമിനുള്‍ വ്യക്തമാക്കി.