ഓസ്‌ട്രേലിയൻ ഓപ്പൺ വനിത വിഭാഗം ഡബിൾസിൽ കിരീടം അണിഞ്ഞു രണ്ടാം സീഡ് എൽസി മെർട്ടൻസ്, ആര്യാന സബലങ്ക സഖ്യം. ഫൈനലിൽ മൂന്നാം സീഡ് ആയ ചെക് റിപ്പബ്ലിക്കൻ സഖ്യം ബാർബോറ ക്രചികോവ, കാറ്ററലീന സിനിയകോവ സഖ്യത്തെയാണ് ബെൽജിയം ബലാറസ് സഖ്യം നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നത്. സിംഗിൾസിൽ പ്രതീക്ഷിച്ച വലിയ മുന്നേറ്റം നടത്താൻ സാധിക്കാത്ത മെർട്ടൻസിനും സബലങ്കക്കും ഡബിൾസ് കിരീടം വലിയ നേട്ടം തന്നെയാണ്.
മത്സരത്തിൽ 5 ഏസുകൾ ഉതിർത്ത മെർട്ടൻസ്, സബലങ്ക സഖ്യം 8 സർവീസ് ഇരട്ടപ്പിഴവുകൾ വരുത്തിയ ചെക് റിപ്പബ്ലിക് സഖ്യത്തെ 4 പ്രാവശ്യം ആണ് ബ്രൈക്ക് ചെയ്തത്. നിരവധി തവണ ബ്രൈക്ക് ചെയ്യാനുള്ള അവസരം എതിരാളികൾക്ക് നൽകിയെങ്കിലും 1 തവണ മാത്രം ആണ് മെർട്ടൻസ്, സബലങ്ക സഖ്യം ബ്രൈക്ക് വഴങ്ങിയത്. ആദ്യ സെറ്റ് 6-2 നും രണ്ടാം സെറ്റ് 6-3 നും നേടിയാണ് മെർട്ടൻസ്, സബലങ്ക സഖ്യം ഓസ്‌ട്രേലിയൻ ഓപ്പൺ ഡബിൾസ് കിരീടം ഉയർത്തിയത്.