ഓസ്ട്രേലിയൻ ഓപ്പണിൽ ടെന്നീസ് ആരാധകർ ഏറ്റവും ആവേശത്തോടെ കാത്തിരുന്ന മത്സരം ആരാധകർക്ക് വിരുന്നായി. മൂന്നാം റൗണ്ടിൽ മൂന്നാം സീഡ് ആയ ഓസ്ട്രിയൻ താരം ഡൊമനിക് തീമും ഓസ്ട്രേലിയൻ താരം നിക് ക്രഗറിയോസും തമ്മിലുള്ള മത്സരം ആരാധകർക്ക് വലിയ ആവേശം തന്നെയാണ് പകർന്നത്. ആദ്യ രണ്ടു സെറ്റുകൾ നഷ്ടമായ ശേഷം തിരിച്ചു വന്നാണ് ഏതാണ്ട് മൂന്നര മണിക്കൂർ നീണ്ട മത്സരത്തിൽ തീം ജയം കണ്ടത്. നാളെ മുതൽ മെൽബണിൽ ലോക് ഡോൺ പ്രഖ്യാപിച്ചതിനാൽ ആരാധകരെ പ്രവേശിപ്പിച്ച അവസാന ദിനം ആയ ഇന്ന് ഓസ്ട്രേലിയൻ ആരാധരുടെ പൂർണ്ണ പിന്തുണയും ആയി കളത്തിൽ ഇറങ്ങിയ നിക് എല്ലാം മത്സരത്തിൽ നൽകുന്നത് ആണ് കാണാൻ ആയത്. പതിവ് പോലെ വികൃതി ഷോട്ടുകളും, ചെറിയ സർവീസുകളും ഉതിർത്തു ആരാധകരോട് സംസാരിച്ചു റഫറിയോട് കയർത്തു ഇടക്ക് റാക്കറ്റ് എടുത്തെറിഞ്ഞു കളം നിറഞ്ഞ നിക് പലപ്പോഴും അവിശ്വസനീയ ടെന്നീസ് ആണ് പുറത്ത് എടുത്തത് ഒപ്പം ആംഗ്യങ്ങൾ കൊണ്ട് ആരാധകരെ രസിപ്പിക്കാനും നിക് മറന്നില്ല.
ആദ്യ സെറ്റിൽ ആദ്യം തന്നെ നിർണായക ബ്രൈക്ക് കണ്ടത്തിയ നിക് സെറ്റ് 6-4 നു കയ്യിലാക്കി. രണ്ടാം സെറ്റിൽ കാത്തിരുന്നു ബ്രൈക്ക് നേടിയ നിക് സെറ്റ് 6-4 നു തന്നെ സ്വന്തമാക്കി തീമിനെ സമ്മർദ്ദത്തിൽ ആക്കി. മൂന്നാം സെറ്റിലെ ആദ്യ സർവീസിൽ തന്നെ രണ്ടു ബ്രൈക്ക് പോയിന്റ് വഴങ്ങിയ തീം കടുത്ത സമ്മദ്ദത്തിലും ആരാധകരുടെ ആർപ്പ് വിളിക്ക് ഇടയിലും ബ്രൈക്ക് പോയിന്റ് രക്ഷിച്ചു എടുത്തു. വളരെ ശാന്തമായി കാണപ്പെട്ട തീം തുടർന്ന് നിക്കിനെ ആദ്യമായി ബ്രൈക്ക് ചെയ്തു മൂന്നാം സെറ്റ് 6-3 നു നേടി മത്സരം നാലാം സെറ്റിലേക്ക് നീട്ടി. നാലാം സെറ്റിൽ കടുത്ത സമ്മർദ്ദത്തിലും ബ്രൈക്ക് പോയിന്റുകൾ രക്ഷിക്കാൻ നിക്കിന് ആയെങ്കിലും നിർണായ ബ്രേക്ക് കണ്ടത്തിയ തീം സെറ്റ് 6-4 നു നേടി മത്സരത്തിൽ ഒപ്പമെത്തി മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി.
അഞ്ചാം സെറ്റിൽ ഇരുതാരങ്ങളും പൊരുത്തിയെങ്കിലും തീമിന്റെ മനക്കരുത്തിനും പോരാട്ടത്തിനും ഒടുവിൽ അവസാനം നിക് ബ്രൈക്ക് വഴങ്ങുകയും സെറ്റ് 6-4 കൈവിട്ടു മത്സരം തീമിനു സമ്മാനിക്കുകയും ചെയ്തു. തോൽവി വഴങ്ങിയെങ്കിലും വലിയ കയ്യടികളും ആയാണ് നിക്കിനെ ആരാധകരും തീമും യാത്രയാക്കിയത്. മത്സരത്തിൽ 24 ഏസുകൾ നിക് ഉതിർത്തപ്പോൾ തീം 14 എണ്ണം ആണ് ഉതിർത്തത്. 53 വിന്നറുകൾ നിക്കും 57 എണ്ണം തീമും മത്സരത്തിൽ ഉതിർത്തു. എന്നാൽ തീമിനെക്കാൾ ഇരട്ടിയിലധികം അനാവശ്യ പിഴവുകൾ വരുത്തിയത് ആണ് നിക് മത്സരത്തിൽ പരാജയപ്പെടാനുള്ള കാരണം. കളത്തിൽ ശ്രദ്ധ കൊടുക്കുന്നില്ല എന്ന വിമർശനത്തിനു മറുപടി കൊടുത്ത നിക് തന്റെ പ്രിയപ്പെട്ട മൈതാനത്ത് തീമിനു വലിയ വെല്ലുവിളി തന്നെയാണ് ഉയർത്തിയത്. എന്നാൽ യു.എസ് ഓപ്പൺ ഫൈനലിൽ എന്ന പോലെ 2 സെറ്റ് പിറകിൽ നിന്നു തിരിച്ചു വന്നു ജയം കണ്ടു തന്റെ മികവ് തീം ഒരിക്കൽ കൂടി ലോകത്തിനു വ്യക്തമാക്കി. അടുത്ത റൗണ്ടിൽ ഗ്രിഗോർ ദിമിത്രോവ് ആണ് തീമിന്റെ എതിരാളി.