ഓസ്ട്രേലിയൻ ഓപ്പൺ മൂന്നാം റൗണ്ടിൽ അനായാസ ജയവുമായി ആറാം സീഡ് ജർമ്മൻ താരം അലക്സാണ്ടർ സെരവ്. 32 സീഡ് ആയ ഫ്രഞ്ച് താരം അഡ്രിയാനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് സെരവ് വീഴ്ത്തിയത്. മികച്ച സർവീസുകളും ആയി കളം നിറഞ്ഞ സെരവ് 19 ഏസുകൾ ആണ് മത്സരത്തിൽ ഉതിർത്തത്. 5 ബ്രൈക്കുകളും കണ്ടത്തിയ താരം 6-3, 6-3, 6-1 എന്ന സ്കോറിന് ആണ് മത്സരത്തിൽ ജയം കണ്ടത്. അതേസമയം 15 സീഡ് പാബ്ലോ ബുസ്റ്റ 18 സീഡ് ബൾഗേറിയൻ താരം ഗ്രിഗോർ ദിമിത്രോവിന് എതിരായ മത്സരത്തിന് ഇടയിൽ പരിക്കേറ്റു പിന്മാറി. സ്കോർ 6-0, 1-0 എന്ന നിലയിൽ ബുസ്റ്റ പിന്നിൽ നിൽക്കുമ്പോൾ ആയിരുന്നു താരത്തിന്റെ പിന്മാറൽ.
എട്ടാം സീഡ് ആയ അർജന്റീനൻ താരം ഡീഗോ ഷ്വാർട്ട്സ്മാനെ സീഡ് ചെയ്യാത്ത റഷ്യൻ താരം അസ്ലൻ കാരത്സേവ് ആണ് നേരിട്ടുള്ള സെറ്റുകൾക്ക് അട്ടിമറിച്ചത്. മത്സരത്തിൽ സമ്പൂർണ ആധിപത്യം നേടിയ റഷ്യൻ താരം 9 ഏസുകൾ ഉതിർക്കുകയും 5 ബ്രൈക്ക് പോയിന്റുകൾ കണ്ടത്തുകയും ചെയ്തു. 6-3, 6-3, 6-3 എന്ന നേരിട്ടുള്ള സ്കോറിന് ആയിരുന്നു ഷ്വാർട്ട്സ്മാന്റെ തോൽവി. വാവറിങ്കയെ വീഴ്ത്തി എത്തിയ ഹംഗേറിയൻ താരം ഫുസ്കോവിസ്കിനെ 4 സെറ്റ് പോരാട്ടത്തിൽ ആണ് കനേഡിയൻ താരം 14 സീഡ് മിലോസ് റയോണിക് മറികടന്നത്. 13 ഏസുകൾ ഉതിർത്ത റയോണിക് 7-6, 5-7, 6-2, 6-2 എന്ന സ്കോറിന് മത്സരത്തിൽ ജയം കുറിച്ചു.