ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റില്‍ അക്സര്‍ പട്ടേലിന് അവസരം ലഭിയ്ക്കണമെന്ന് പറഞ്ഞ് ബ്രാഡ് ഹോഗ്ഗ്. ജഡേജയ്ക്ക് പകരം താരം ടീമിലേക്ക് എത്തണമെന്നാണ് മുന്‍ ഓസ്ട്രേലിയന്‍ താരത്തിന്റെ അഭിപ്രായം. ഇന്ത്യയുടെ ബൗളിംഗ് ലൈനപ്പ് എന്തായിരിക്കണമെന്ന ചോദ്യത്തിനുള്ള മറുപടിയായി മൂന്ന് പേസര്‍മാരെയും രണ്ട് സ്പിന്നര്‍മാരെയുമാണ് താരം തിരഞ്ഞെടുത്തത്.
ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് സിറാജ് എന്നിവരാണ് ഹോഗ്ഗ് തിരഞ്ഞെടുത്ത പേസര്‍മാര്‍. വൈവിധ്യമാര്‍ന്ന ബൗളിംഗ് ശൈലി എന്നതാണ് ഈ മൂവര്‍ സംഘത്തെ തിരഞ്ഞെടുക്കുവാന്‍ കാരണമെന്നും ഹോഗ്ഗ് വ്യക്തമാക്കി.
സ്പിന്‍ ബൗളിംഗില്‍ പരിചയസമ്പത്തുള്ള രവിചന്ദ്രന്‍ അശ്വിനും അക്സര്‍ പട്ടേലുമാണ് തന്റെ സെലക്ഷനെന്നും ഹോഗ്ഗ് വ്യക്തമാക്കി. ഹാര്‍ദ്ദിക് പാണ്ഡ്യയയ്ക്ക് 20 ഓവര്‍ എറിയുവാന്‍ സാധിക്കുന്നില്ലെങ്കില്‍ താരത്തിനെ താന്‍ അന്തിമ ഇലവനില്‍ പരിഗണിക്കില്ലെന്നും പകരം മുഹമ്മദ് സിറാജിന് അവസരം നല്‍കുമെന്നും ബ്രാഡ് ഹോഗ്ഗ് സൂചിപ്പിച്ചു.