ഗോളടിച്ച് മെസ്സിയും ഗ്രീസ്മാനും, ബാഴ്‌സലോണക്ക് ജയം

Staff Reporter

സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും അന്റോണിയോ ഗ്രീസ്മാനും ഗോളടിച്ച മത്സരത്തിൽ അത്ലറ്റിക്കോ ബിൽബാവോക്കെതിരെ ബാഴ്‌സലോണക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ബാഴ്‌സലോണയുടെ ജയം. സൂപ്പർ കപ്പ് ഫൈനലിൽ അത്ലറ്റികോ ബിൽബാവോയോടേറ്റ തോൽവിക്കുള്ള പ്രതികാരം കൂടിയായിരുന്നു ബാഴ്‌സലോണയുടെ ജയം.

മത്സരത്തിന്റെ ആദ്യ പകുതിയിൽ ഫ്രീ കിക്ക്‌ ഗോളിലൂടെ മെസ്സിയാണ് ബാഴ്‌സലോണക്ക് ലീഡ് നേടിക്കൊടുത്തത്. തുടർന്ന് നിരവധി അവസരങ്ങൾ ബാഴ്‌സലോണ സൃഷ്ടിച്ചെങ്കിലും ലീഡ് വർദ്ധിപ്പിക്കാനായില്ല. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ ജോർഡി അൽബയുടെ സെൽഫ് ഗോളിൽ അത്ലറ്റികോ ബിൽബാവോ സമനില പിടിക്കുകയായിരുന്നു.

തുടർന്ന് അത്ലറ്റികോ ബിൽബാവോക്കെതിരെ മികച്ച ഫോമിലുള്ള ഗ്രീസ്മാൻ മത്സരത്തിന്റെ 74ആം മിനുട്ടിൽ ഗോൾ നേടി ബാഴ്‌സലോണയുടെ ജയം ഉറപ്പിക്കുകയായിരുന്നു. ജയത്തോടെ റയൽ മാഡ്രിഡിനെ മറികടന്ന് ലാ ലീഗ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് എത്താനും ബാഴ്‌സലോണക്കായി.