ഖാലിദ് ജമീലിന്റെ കീഴിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കൂടുതൽ ഫോമിലേക്ക് ഉയരുകയാണ്. ഇന്ന് ലീഗിലെ ഏറ്റവും കരുത്തരായ ടീമുകളിൽ ഒന്നായ എ ടി കെ മോഹൻ ബഗനെയാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വീഴ്ത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ വിജയം. നോർത്ത് ഈസ്റ്റിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാകാനും ഈ വിജയം ഉപകരിക്കും.
രണ്ടാം പകുതിയിലാണ് ഇന്ന് മൂന്ന് ഗോളുകളും വന്നത്. ആദ്യ മക്കാഡോ ആണ് നോർത്ത് ഈസ്റ്റിന് ലീഡ് നൽകിയത്. 60ആം മിനുട്ടിൽ ഗലേഹോയുടെ അസിസ്റ്റിൽ നിന്നായിരുന്നു മക്കാഡോയുടെ ഗോൾ. ഈ ഗോളിനോട് നല്ല രീതിയിൽ തന്നെ എ ടി കെ പ്രതികരിച്ചു. 72ആം മിനുട്ടിൽ ക്ലോസ് റേഞ്ചിൽ നിന്നുള്ള ഒരു ഫിനിഷിലൂടെ റോയ് കൃഷ്ണ സമനിലയിൽ എ ടി കെയെ എത്തിച്ചു.
പക്ഷെ വീണ്ടും ആക്രമണങ്ങൾ നടത്തിയ നോർത്ത് ഈസ്റ്റ് എ ടി കെയുടെ പേരുകേട്ട ഡിഫൻസിനെ വീണ്ടും കീഴ്പ്പെടുത്തി. ഇത്തവണ ഗലേഹോയുടെ ഒരു ഗംഭീര ഫിനിഷാണ് ലീഡുൻ വിജയവും നോർത്ത് ഈസ്റ്റിന് നൽകിയത്. പോസ്റ്റിൽ തട്ടിയായുരുന്നു ഗലേഹോയുടെ ഷോട്ട് വലയിലേക്ക് കയറിയത്. ഈ വിജയത്തോടെ നോർത്ത് ഈസ്റ്റ് 18 പോയിന്റുമായി അഞ്ചാമത് എത്തി. നാലാമതുള്ള ഹൈദരബാദിനും 18 പോയിന്റാണ്. തോറ്റെങ്കിലും ഇപ്പോഴും 24 പോയിന്റുമായി എ ടി കെ ലീഗിൽ രണ്ടാമത് നിൽക്കുകയാണ്.