ഒബാമയങ്ങ് ഇരട്ട ഗോൾ, ആഴ്സണൽ മുന്നോട്ട് വരുന്നു

Newsroom

അർട്ടേറ്റയും ആഴ്സണലും പതിയെ ആണെങ്കിലും മുന്നോട്ട് വരികയാണ്. വീണ്ടും ഒരു ക്ലീൻഷീറ്റും ഒപ്പം വിജയവും സ്വന്തമാക്കാൻ ആഴ്സണലിന് ഇന്നലെ ആയി. ന്യൂകാസിലിന് എതിരായ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. ഇരട്ട ഗോളുകളുമായി ക്യാപ്റ്റൻ ഒബാമയങ്ങും ഫോമിലേക്ക് തിരികെയെത്തി എന്ന് പ്രഖ്യാപിച്ചു.

50ആം മിനുട്ടിൽ തോമസ് പാർട്ടയുടെ പാസ് സ്വീകരിച്ച് ഇടതു വിങ്ങിലൂടെ കുതിച്ച് ഒബാമയങ്ങ് ലക്ഷ്യം കാണുക ആയിരുന്നു. 60ആം മിനുട്ടിൽ ബുകയൊ സാക ആണ് രണ്ടാം ഗോൾ നേടിയത്. എമിലെ സ്മിത് റോയുടെ പാസിൽ നിന്നായിരുന്നു ആ ഗോൾ. 77ആം മിനുട്ടിൽ ഒബായങ്ങ് രണ്ടാം ഗോളും നേടി. ഈ വിജയം ആഴ്സണലിനെ ലീഗിൽ പത്താം സ്ഥാനത്തേക്ക് എത്തിച്ചു‌. 19 മത്സരങ്ങളിൽ 27 പോയിന്റാണ് ആഴ്സണലിന് ഉള്ളത്. ആഴ്സണലിന്റെ തുടർച്ചയായ അഞ്ചാം ക്ലീൻ ഷീറ്റാണിത്.