മാഞ്ചസ്റ്റർ സിറ്റിയുടെ യുവ സെന്റർ ബാക്ക് എറിക് ഗാർസിയക്കായുള്ള ബാഴ്സലോണ ശ്രമങ്ങൾ വിജയിക്കുന്നു. അടുത്ത സമ്മറിൽ ആകും ഗാർസിയ ബാഴ്സലോണയിൽ എത്തുക. ഗാർസിയ ഈ ആഴ്ചയോടെ ഫ്രീ ഏജന്റായി കഴിഞ്ഞു. സമ്മറിൽ ബാഴ്സലോണയിലേക്ക് വരാൻ താരം സമ്മതിച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ബാഴ്സലോണ കഴിഞ്ഞ സമ്മറിൽ 20 മില്യൺ വാഗ്ദാനം ചെയ്തിട്ടും സിറ്റി താരത്തെ വിട്ടു നൽകിയിരുന്നില്ല.
ആ ഗാർസിയ ആണ് ഇപ്പോൾ ഫ്രീ ആയി ബാഴ്സലോണയിലേക്ക് പോകുന്നത്. ജനുവരിയിൽ തന്നെ ഗാർസിയയെ സ്വന്തമാക്കണം എന്നുണ്ടെങ്കിൽ ബാഴ്സലോണ ചെറിയ തുക സിറ്റിക്ക് നൽകേണ്ടി വരും. മുൻ ബാഴ്സലോണ അക്കാദമി താരമായ ഗാർസിയ 2018ൽ ആയിരുന്നു ബാഴ്സലോണ വിട്ട് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് വന്നത്. അതിനു ശേഷം താരം സിറ്റിക്കൊപ്പം പ്രതീക്ഷ നൽകുന്ന പ്രകടനങ്ങൾ കാഴ്ചവെച്ചു. പെപ് ഗ്വാർഡിയോളയുടെ വലിയ പ്രശംസയും ഗാർസിയ നേടിയിരുന്നു. എന്നാൽ ഈ സീസണിൽ താരം അധികം മത്സരങ്ങൾ കളിച്ചിട്ടില്ല. 20കാരനായ ഗാർസിയ ബാഴ്സലോണയുടെ അക്കാദമയിൽ 9 വർഷത്തോളം കളിച്ചിരുന്നു.