യങ് ബ്ലാസ്‌റ്റേഴ്‌സ് സ്‌പോര്‍ട്ഹുഡ് അക്കാദമികളുടെ പുനരവതരണം ഈ‌ മാസം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി, സ്‌പോര്‍ട്ഹുഡുമായി സഹകരിച്ച് യങ് ബ്ലാസ്‌റ്റേഴ്‌സ് സ്‌പോര്‍ട്ഹുഡ് അക്കാദമിയുടെ പുനരവതരണം പ്രഖ്യാപിച്ചു. ഒന്‍പത് മാസത്തെ ഇടവേളയ്ക്ക് ശേഷം 2021 ജനുവരിയില്‍ എല്ലാ യങ് ബ്ലാസ്‌റ്റേഴ്‌സ് കേന്ദ്രങ്ങളിലെയും ഗ്രാസ്‌റൂട്ട് ലെവല്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കും.

കോവിഡ് 19 മഹാമാരിയുടെ ഭാഗമായുള്ള നിയന്ത്രണങ്ങളെ തുടര്‍ന്നാണ് എല്ലാ അക്കാദമികളിലും ഇടവേള ഏര്‍പ്പെടുത്തിയത്. എങ്കിലും ഈ കാലയളവില്‍, കമ്മ്യൂണിറ്റി സ്‌പോര്‍ട്‌സ് പ്രവര്‍ത്തനങ്ങള്‍ക്കായി നിര്‍ദേശിച്ച എല്ലാ കോവിഡ് 19 പ്രോട്ടോക്കോളുകളും പാലിച്ച്, കുട്ടികള്‍ക്ക് നല്‍കാവുന്ന സെഷനുകളോടൊപ്പം ഒരു പാഠ്യപദ്ധതി, അക്കാദമി ടീം ഫലപ്രദമായി വികസിപ്പിച്ചെടുത്തിരുന്നു. ക്ലബിന്റെ സെന്‍ട്രല്‍ കോച്ചിങ് ടീം അംഗീകരിച്ച പാഠ്യപദ്ധതി, വിദ്യാര്‍ഥികളെ ഫുട്‌ബോളിന്റെ സാങ്കേതികവും തന്ത്രപരവുമായ വശങ്ങള്‍ പഠിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനോടൊപ്പം വിവിധ സ്ഥലങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഗുണനിലവാരമുള്ള പാഠ്യപദ്ധതി ലഭിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തുന്നു. പ്രോഗ്രാമില്‍ ചേരുന്ന എല്ലാ വിദ്യാര്‍ഥികളുടെയും സമഗ്ര പുരോഗതി ഉറപ്പാക്കുന്നതിന് എല്ലാ സ്ഥലങ്ങളിലെയും പരിശീലകരെയും കേരള ബ്ലാസ്‌റ്റേഴ്‌സും സ്‌പോര്‍ട്ഹുഡ് അക്കാദമിയും പരിശീലിക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്തിരുന്നു.

5 മുതല്‍ 15 വയസുവരെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അക്കാദമിയുടെ ഭാഗമാകാം. ഒരു ബാച്ചില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പരമാവധി വിദ്യാര്‍ഥികളുടെ എണ്ണത്തെ ആസ്പദമാക്കി പരിശീലനത്തിനായി വ്യത്യസ്ത ടൈം സ്ലോട്ടുകള്‍ പഠിതാക്കള്‍ക്ക് അനുവദിക്കുകയും ചെയ്യും. ഐഒസ്, ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമായ സ്‌പോര്‍ട്ഹുഡ് ആപ്ലിക്കേഷന്‍ വഴി രക്ഷിതാക്കള്‍ക്ക് കുട്ടിയുടെ ഒരു പ്രത്യേക ദിവസത്തെ പാഠ്യപദ്ധതികള്‍ ട്രാക്കുചെയ്യാനാവും. ഈ രംഗത്തേക്ക് സ്‌പോര്‍ട്ഹുഡ് കൊണ്ടുവന്ന നൂതന സാങ്കേതികവിദ്യ, ഓരോ കുട്ടിയുടെയും പുരോഗതി ഒരു സെഷന്‍ തലത്തില്‍ ട്രാക്കുചെയ്യുന്നുവെന്നും ഇത് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ സ്‌കൗട്ടിങ് ടീമിന് റിയല്‍ ടൈം അടിസ്ഥാനത്തില്‍ ലഭ്യമാകുമെന്നും ഉറപ്പാക്കും.

സംസ്ഥാനത്തൊട്ടാകെയുള്ള ഭാവി പ്രതിഭകള്‍ക്കായി യങ് ബ്ലാസ്‌റ്റേഴ്‌സ് സ്‌പോര്‍ട്ഹുഡ് അക്കാദമിയുടെ പുനരവതരണം പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ വളരെ ആവേശത്തിലാണെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഫുട്‌ബോള്‍ ഡയറക്ടര്‍ മുഹമ്മദ് റഫീഖ് പറഞ്ഞു. ആഗോള മഹാമാരിയെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ കാരണം പദ്ധതി വൈകിയെങ്കിലും, പരിശീലന പ്രക്രിയയിലും കളിയുടെ സാങ്കേതിക വശങ്ങളിലും മാത്രമല്ല, പ്രോഗാമില്‍ ചേരുന്ന ഓരോ കുട്ടിയുടെയും മതിയായ സുരക്ഷ നിലനിര്‍ത്തുന്നതിലും ഗുണനിലവാരം ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ ടീം ഇപ്പോള്‍ ഒരുങ്ങുകയാണ്. മുന്നില്‍ ഒരു മികച്ച വര്‍ഷമാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്-മുഹമ്മദ് റഫീഖ് പറഞ്ഞു.

ചെറുപ്പത്തില്‍ത്തന്നെ അവരുടെ കഴിവുകളെ തിരിച്ചറിയുകയും അവര്‍ക്ക് ശരിയായ മുന്നേറ്റ പാത ആവിഷ്‌കരിക്കുകയുമാണ് യങ് ബ്ലാസ്‌റ്റേഴ്‌സ് സ്‌പോര്‍ട്ട്ഹുഡ് അക്കാദമികളുടെ ലക്ഷ്യമെന്ന് സ്‌പോര്‍ട്ഹുഡ് സഹസ്ഥാപകന്‍ അരുണ്‍ വി നായര്‍ പറഞ്ഞു. സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയ ഗ്രാസ്‌റൂട്ട് പ്ലാറ്റ്‌ഫോം പ്രയോജനപ്പെടുത്തി, പരിശീലന സ്ഥലങ്ങള്‍ കണക്കിലെടുക്കാതെ തന്നെ എല്ലാ പ്രായത്തിലുമുള്ള കുട്ടികള്‍ക്കായി ഇത് വിജയകരമായി നടപ്പിലാക്കാന്‍ ഞങ്ങള്‍ക്ക് കഴിയും. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പരിശീലകര്‍ക്കും ഒരുപോലെ സമീപിക്കാവുന്ന പ്ലാറ്റ്‌ഫോം, കേന്ദ്രങ്ങളിലുടനീളം ശരിയായ പാഠ്യപദ്ധതി പിന്തുടരുന്നുവെന്നും ഉറപ്പാക്കും. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സീനിയര്‍ കോച്ചിങ് സ്റ്റാഫുകൾക്ക്
കഴിവുള്ള യുവതാരങ്ങളെ നിഷ്പക്ഷമായി സ്‌കൗട്ട് ചെയ്യുന്നതിന് പുറമെ, രക്ഷിതാക്കൾക്കും
എല്ലാ കുട്ടികളുടെയും പുരോഗതി തത്സമയം ട്രാക്കുചെയ്യാനാവും-അരുണ്‍ വി നായര്‍ പറഞ്ഞു.

ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ നാലു ജില്ലകളിലാണ് പദ്ധതിയുടെ പുനരവതരണം. ഭാവിയില്‍ മറ്റു ജില്ലകളിലും അക്കാദമികളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സും സ്‌പോര്‍ട്ഹുഡും ഉദ്ദേശിക്കുന്നുണ്ട്.