ലാലിഗയിൽ ഇത്തവണ വളരെ മോശം രീതിയിൽ സീസൺ ആരംഭിച്ച ബാഴ്സലോണ മെല്ലെ ഫോമിലേക്ക് ഉയരുകയാണ്. ലാലിഗയിൽ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നു റയൽ സോസിഡാഡിനെ ബാഴ്സലോണ ഇന്നലെ പരാജയപ്പെടുത്തി. ഇതോടെ അഞ്ചാം സ്ഥാനത്തേക്ക് ഉയരാൻ ബാഴ്സലോണക്ക് ആയി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ബാഴ്സലോണയുടെ വിജയം. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ബാഴ്സലോണ പിന്നീട് തിരിച്ചടിക്കുക ആയിരുന്നു.
27ആം മിനുട്ടിൽ വില്ല്യൻ ജോസെ ആണ് സോസിഡാഡിന് ലീഡ് നൽകിയത്. ആ ലീഡ് പക്ഷെ നാലു മിനുട്ട് മാത്രമെ നീണ്ടു നിന്നുള്ളൂ. 31ആം മിനുട്ടിൽ ജോർദി ആൽബ ബാഴ്സക്ക് സമനില നൽകി. പിന്നാലെ ആദ്യ പകുതി അവസാനിക്കും മുമ്പ് ഡിയോങ്ങിലൂടെ ബാഴ്സലോണ ലീഡും നേടി. ഈ വിജയം ബാഴ്സലോണയെ 20 പോയിന്റിൽ എത്തിച്ചു. മൂന്നാമതുള്ള റയൽ മാഡ്രിഡിനും രണ്ടാമതുള്ള റയൽ സോസിഡാഡിനും 26 പോയിന്റാണ് ഉള്ളത്. എന്നാൽ ഈ രണ്ടു ടീമുകളെക്കാളും കുറവ് മത്സരമാണ് ബാഴ്സലോണ കളിച്ചത്. അത്ലറ്റിക്കോ മാഡ്രിഡ് ആണ് ലീഗിൽ ഒന്നാമത് ഉള്ളത്.