ഏറെ പഴികേട്ട ചെൽസിയുടെ പ്രതിരോധം മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ 10 വർഷം പഴക്കമുള്ള റെക്കോർഡിനൊപ്പമെത്തി ചെൽസി. ചാമ്പ്യൻസ് ലീഗിൽ റെൻസിനെതിരെയുള്ള മത്സരത്തിൽ ക്ലീൻ ഷീറ്റ് നേടിയ ചെൽസി തങ്ങളുടെ തുടർച്ചയായ അഞ്ചാമത്തെ ക്ലീൻ ഷീറ്റ് ആണ് സ്വന്തമാക്കിയത്. 2010ന് ശേഷം ചെൽസി ആദ്യമായാണ് അഞ്ച് മത്സരങ്ങളിൽ തുടർച്ചയായി ക്ലീൻ ഷീറ്റ് സ്വന്തമാക്കിയത്. 2010ൽ കാർലോ ആഞ്ചലോട്ടിക്ക് കീഴിൽ കളിക്കുന്ന സമയത്താണ് ചെൽസി അവസാനം തുടർച്ചയായി അഞ്ച് ക്ളീൻ ഷീറ്റുകൾ സ്വന്തമാക്കിയത്.
കഴിഞ്ഞ സീസണിൽ ഫ്രാങ്ക് ലാമ്പർഡിനു കീഴിൽ ഒരുപാട് ഗോളുകൾ വഴങ്ങിയ ചെൽസി പ്രതിരോധം തിയാഗോ സിൽവ, ബെൻ ചിൽവെൽ, ഗോൾ കീപ്പർ മെൻഡി എന്നിവരുടെ വരവോടെ മികച്ച പ്രകടനം പുറത്തെടുക്കുകയായിരുന്നു. കൂടാതെ ചാമ്പ്യൻസ് ലീഗിൽ ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിൽ ഒന്നിൽ പോലും ചെൽസി ഗോൾ വഴങ്ങിയിട്ടില്ല. സെവിയ്യ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ക്രസ്നോഡർ, ബേൺലി, റെൻസ് എന്നിവർക്കെതിരെയാണ് ചെൽസി ക്ലീൻ ഷീറ്റ് സ്വന്തമാക്കിയത്. കഴിഞ്ഞ 7 മത്സരങ്ങളിൽ ആറിലും ചെൽസി ഗോൾ വഴങ്ങിയിട്ടില്ല.