ഐപിഎലില്‍ തങ്ങളുടെ പ്ലേ ഓഫ് സാധ്യതകള്‍ നില നിര്‍ത്തി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ 121 റണ്‍സെന്ന ചെറിയ ലക്ഷ്യം ബാറ്റിംഗ് പ്രയാസകരമായ പിച്ചില്‍ ചേസ് ചെയ്യാനിറങ്ങിയപ്പോള്‍ ടീമിന് 5 വിക്കറ്റ് നഷ്ടമായെങ്കിലും 14.1 ഓവറില്‍ വിജയം ഉറപ്പിക്കുവാന്‍ ടീമിനായി. 10 പന്തില്‍ നിന്ന് 26 റണ്‍സ് നേടിയ ജേസണ്‍ ഹോള്‍ഡറുടെ പ്രകടനമാണ് സാഹ(39), മനീഷ് പാണ്ടേ(26) എന്നിവരുടെ പ്രകടനത്തിന് ശേഷം സണ്‍റൈസേഴ്സിന് തുണയായത്.
ഡേവിഡ് വാര്‍ണറെ തുടക്കത്തില്‍ നഷ്ടമായെങ്കിലും മനീഷ് പാണ്ടേയ്ക്കൊപ്പം സണ്‍റൈസേഴ്സ് ഇന്നിംഗ്സ് സാഹ മുന്നോട്ട് നയിക്കുകയായിരുന്നു. 50 റണ്‍സ് കൂട്ടുകെട്ട് നേടിയ ശേഷം 26 റണ്‍സ് നേടിയ മനീഷ് പാണ്ടേയെെ ചഹാല്‍ പുറത്താക്കി. വാര്‍ണറുടെ വിക്കറ്റ് ലഭിച്ചത് വാഷിംഗ്ടണ്‍ സുന്ദറിനായിരുന്നു.
സാഹ വില്യംസണിനെ കൂട്ടുപിടിച്ച് 22 റണ്‍സ് കൂടി മൂന്നാം വിക്കറ്റില്‍ നേടിയപ്പോള്‍ ചഹാല്‍ സാഹയെ വീഴ്ത്തി. 39 റണ്‍സാണ് സാഹ നേടിയത്. ഏതാനും പന്തുകള്‍ക്ക് ശേഷം ഇസ്രു ഉഡാന കെയിന്‍ വില്യംസണെ പുറത്താക്കിയതോടെ സണ്‍റൈസേഴ്സ് 87/4 എന്ന നിലയില്‍ പ്രതിരോധത്തിലായി.
10 പന്തില്‍ നിന്ന് 27 റണ്‍സ് നേടിയ ജേസണ്‍ ഹോള്‍ഡര്‍ അഭിഷേക് വര്‍മ്മ സണ്‍റൈസേഴ്സിന്റെ ജയം വേഗത്തിലാക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും 8 റണ്‍സ് നേടിയ അഭിഷേക് ലക്ഷ്യത്തിന് 7 റണ്‍സ് അകലെ പുറത്താകുകയായിരുന്നു.