വിജയവഴിയിൽ തിരിച്ചെത്തി അറ്റലാന്റ

Wasim Akram

ഇറ്റാലിയൻ സീരി എയിൽ കഴിഞ്ഞ മത്സരത്തിലെ തോൽവിക്ക് ശേഷം വിജയവഴിയിൽ തിരിച്ചെത്തി അറ്റലാന്റ. ലീഗിൽ ഇത് വരെ ഒരു മത്സരവും ജയിക്കാത്ത അവസാനക്കാർ ആയ ക്രോട്ടോനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് അറ്റലാന്റ മറികടന്നത്. മത്സരത്തിൽ വലിയ ആധിപത്യം പുലർത്തിയ അറ്റലാന്റ മത്സരത്തിൽ 59 ശതമാനം സമയം പന്ത് കൈവശം വക്കുകയും 19 ഷോട്ടുകൾ ഉതിർക്കുകയും ചെയ്തു.

ആദ്യ പകുതിയിൽ ലൂയിസ് മുരിയൽ നേടിയ ഇരട്ടഗോളുകൾ ആണ് അറ്റലാന്റക്ക് ജയം സമ്മാനിച്ചത്. 26 മത്തെ മിനിറ്റിൽ ഒരു വലത് കാലൻ അടിയിലൂടെ തന്റെ ആദ്യ ഗോൾ നേടിയ മുരിയൽ 38 മിനിറ്റിൽ വീണ്ടും ലക്ഷ്യം കണ്ടു. രണ്ടാം ഗോൾ വഴങ്ങി 2 മിനിറ്റിനുള്ളിൽ തന്നെ എതിരാളികൾ സിമിയിലൂടെ ഒരു ഗോൾ മടക്കിയെങ്കിലും വീണ്ടും ഗോൾ വഴങ്ങാൻ അറ്റലാന്റ തയ്യാറായില്ല. ജയത്തോടെ നിലവിൽ ഒരു മത്സരം കുറവ് കളിച്ച എ. സി മിലാനു പിറകിൽ രണ്ടാമത് ആണ് അറ്റലാന്റ.