ചാമ്പ്യൻസ് ലീഗിൽ രണ്ടാം മത്സരത്തിലും ജയം കണ്ടു ലിവർപൂൾ. വിർജിൽ വാൻ ഡെയിക്കിന്റെ പരിക്ക് കാരണം പ്രതിസന്ധിയിൽ ആയ ലിവർപൂൾ മുന്നേറ്റത്തിൽ പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകിയാണ് എഫ്.സി മിഡ്ടിലാണ്ടിനു എതിരെ കളിക്കാൻ ഇറങ്ങിയത്. സലാഹ്, മാനെ, ഫിർമിനോ എന്നിവർക്ക് ബെഞ്ചിൽ ആയിരുന്നു സ്ഥാനം. ആദ്യ പകുതിയിൽ 30 മത്തെ മിനിറ്റിൽ പ്രതിരോധത്തിൽ കളിച്ച ഫാബിന്യോ പരിക്കേറ്റു പുറത്ത് പോയത് അവർക്ക് വലിയ തിരിച്ചടി ആണ് സമ്മാനിച്ചത്. ആദ്യ പകുതിയിൽ ഒരു ഗോൾ പോസ്റ്റ് ലക്ഷ്യം വച്ച് ഒരു ശ്രമം പോലും ലിവർപൂളിൽ നിന്നു ഉണ്ടായില്ല.
രണ്ടാം പകുതിയിൽ 55 മത്തെ മിനിറ്റിൽ അലക്സാണ്ടർ അർണോൾഡിന്റെ പാസിൽ നിന്നു ഡീഗോ ജോട്ട ആണ് ലിവർപൂളിന് നിർണായക മുൻതൂക്കം സമ്മാനിച്ചത്. ലിവർപൂളിന്റെ 128 വർഷത്തെ ചരിത്രത്തിലെ 10,000 മത്തെ ഗോൾ ആയിരുന്നു ഇത്. തുടർന്ന് സലാഹ്, മാനെ, ഫിർമിനോ എന്നിവരെ ക്ലോപ്പ് കളത്തിലിറക്കി. ഇതിന്റെ ഫലമായിരുന്നു 91 മത്തെ മിനിറ്റിൽ സലാഹിനെ വീഴ്ത്തിയതിനു ലഭിച്ച പെനാൽട്ടി. തന്റെ 50 മത്തെ ചാമ്പ്യൻസ് ലീഗ് മത്സരം കളിച്ച സലാഹ് പെനാൽട്ടി ലക്ഷ്യം കണ്ടു ലിവർപൂളിന്റെ ജയം ഉറപ്പിച്ചു. ചാമ്പ്യൻസ് ലീഗിൽ സലാഹിന്റെ 23 മത്തെ ഗോൾ ആയിരുന്നു ഇത്.













