എൽ ക്ലാസികോ വിജയം ചാമ്പ്യൻസ് ലീഗിൽ ആവർത്തിക്കാൻ റയൽ മാഡ്രിഡിനായില്ല. എങ്കിലും റയലിന് ആശ്വസിക്കാം. കാരണം ഇന്ന് ജർമ്മൻ ക്ലബായ ബൊറൂസിയ മൊഞ്ചൻഗ്ലാഡ്ബാചിനെതിരെ 87 മിനുട്ട് വരെ രണ്ട് ഗോളിന് പിറകിൽ നിന്ന ശേഷമാണ് റയൽ പരാജയം ഒഴിവാക്കിയത്. റയൽ അവസാനം പൊരുതി 2-2ന്റെ സമനില കൊണ്ട് തൃപ്തിപ്പെടുക ആയിരുന്നു.
സിദാന്റെ തന്ത്രങ്ങൾ പിഴക്കുന്നതാണ് ഇന്ന് തുടക്കത്തിൽ കാണാൻ ആയത്. മികച്ച നിരയെ തന്നെ സിദാൻ ഇന്ന് അണിനിരത്തി എങ്കിലും ഗോൾ അവസരങ്ങൾ സൃഷ്ടിക്കാനും ഗോളടിക്കാനും കഷ്ടപ്പെടുന്ന റയൽ മാഡ്രിഡിനെ ആണ് ഇന്ന് കാണാൻ ആയത്. ഗ്ലാഡ്ബാച് ആകട്ടെ വ്യക്തമായ കൗണ്ടർ അറ്റാക്കിംഗ് ടാക്ടിക്സുമായി മുന്നേറി. ആദ്യ പകുതിയിൽ അവർ ആകെ ടാർഗറ്റിലേക്ക് തൊടുത്ത ഷോട്ട് ഗോളാക്കി മാറ്റി.
33ആം മിനുട്ടിൽ തുറാമിന്റെ വക ആയിരുന്നു ഗോൾ. രണ്ടാം പകുതിയിൽ തുറാം തന്നെ ഗ്ലാഡ്ബാചിന്റെ ലീഡ് ഇരട്ടിയാക്കി. 58ആം മിനുട്ടിൽ ഒരു ടാപിന്നിലൂടെ ആയിരുന്നു തുറാമിന്റെ രണ്ടാം ഗോൾ. ഇതിനു ശേഷം റയൽ മാഡ്രിഡ് ഹസാർഡിനെയും മോദ്രിചിനെയും റോദ്രിഗോയേയും ഇറക്കി. എന്നിട്ടും 87 മിനുട്ട് വരെ മത്സരം 2-0 എന്ന് തന്നെ നിന്നു. 87ആം മിനുട്ടിൽ ബെൻസീമയുടെ ഒരു ഗംഭീര ഫിനിഷ് റയലിന് പ്രതീക്ഷ നൽകി. 93ആം മിനുട്ടിൽ കസമേറോ റയലിന് ആശ്വാസം നൽകുന്ന സമനിലയും നേടിക്കൊടുത്തു.ഗ്രൂപ്പിൽ രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ 1 പോയിന്റുമായി അവസാന സ്ഥാനത്താണ് റയൽ ഇപ്പോഴും ഉള്ളത്.













