വാൻ ഡൈക് ഇല്ലെങ്കിലും വിജയിക്കാൻ ആകും എന്ന് തെളിയിച്ച് ലിവർപൂൾ. ഡിഫൻസിലെ വലിയ സമ്മർദ്ദങ്ങൾ ഒക്കെ മറികടന്ന് മികച്ച വിജയവുമായി ചാമ്പ്യൻസ് ലീഗ് സീസൺ തുടങ്ങിയിരിക്കുകയാണ് ലിവർപൂൾ. ഇന്ന് ആംസ്റ്റർഡാമിൽ അയാക്സിനെ നേരിട്ട ലിവർപൂൾ എതിരില്ലാത്ത ഒരു ഗോളിന് ആണ് വിജയിച്ചത്. പരിക്കേറ്റ വാൻ ഡൈക്, അലിസൺ, മാറ്റിപ്, തിയാഗോ എന്നിവർ ഒന്നും ഇല്ലാതെ ഇറങ്ങിയിട്ടും ക്ലീൻ ഷീറ്റ് നേടിക്കൊണ്ട് വിജയിക്കാൻ ആയത് ക്ലോപ്പിന്റെ ടീമിന് വലിയ ആത്മവിശ്വാസം നൽകും.
ആദ്യ പകുതിയിൽ ഒരു സെൽഫ് ഗോളിൽ നിന്നായിരുന്നു ലിവർപൂളിന് ലീഡ് ലഭിച്ചത്. 35ആം മിനുട്ട് മാനെ ഗോൾ മുഖത്തേക്ക് നൽകിയ പാസ് പുറത്തേക്ക് അടിച്ചു കളയാൻ ശ്രമിച്ച ടാഗ്കിയാഫികോയ്ക്ക് പിഴച്ചു. പന്ത് സ്വന്തം വലയിൽ തന്നെ എത്തി. ഇതിനു മറുപടി നൽകാൻ അയാക്സ് ആഞ്ഞു ശ്രമിച്ചു എങ്കിലും ഫലം കണ്ടില്ല. അവരുടെ ഒരു ശ്രമം ഗോൾ ലൈനിൽ നിന്ന് ലിവർപൂൾ രക്ഷപ്പെടുത്തി. രണ്ടാം പകുതിയിലെ ക്ലാസന്റെ ഒരു ഷോട്ട് ലിവർപൂൾ ഗോൾ പോസ്റ്റിൽ തട്ടിയും മടങ്ങി.
ഇനി അടുത്ത ആഴ്ച നടക്കുന്ന മത്സരത്തിൽ ലിവർപൂൾ മിഡ്ലാന്റിനെയും അയാക്സ് അറ്റലാന്റയെയും നേരിടും.