ഫോർമുല വണ്ണിൽ ഗ്രാന്റ് പ്രീ ജയങ്ങളിൽ മൈക്കിൾ ഷുമാർക്കറിന്റെ റെക്കോർഡ് നേട്ടത്തിനു ഒപ്പം എത്തിയതിൽ അഭിമാനവും സന്തോഷവും ഉണ്ടെന്നു മെഴ്സിഡസ് ഡ്രൈവർ ലൂയിസ് ഹാമിൾട്ടൻ. ഫെരാരിയുടെ ഇതിഹാസ ഡ്രൈവർ ആയ മൈക്കിൾ ഷുമാർക്കറിന്റെ 91 ഗ്രാന്റ് പ്രീ റേസ് ജയങ്ങൾ എന്ന റെക്കോർഡ് നേട്ടത്തിന് ഒപ്പം ആണ് ഇന്നലെ ഈഫൽ ഗ്രാന്റ് പ്രീയിൽ ലൂയിസ് ഹാമിൾട്ടൻ എത്തിയത്. തുടർന്ന് അടുത്ത വർഷം ഫോർമുല വണ്ണിൽ അരങ്ങേറാൻ ഇരിക്കുന്ന മൈക്കിൾ ഷുമാർക്കറിന്റെ മകൻ മിക്കി ഷുമാർക്കറിൽ നിന്നു ഷുമാർക്കറിന്റെ ഹെൽമറ്റ് ഹാമിൾട്ടൻ സ്വീകരിക്കുകയും ചെയ്തു. 2007 ൽ കനേഡിയൻ ഗ്രാന്റ് പ്രീയിൽ തന്റെ ആദ്യ ജയം കുറിച്ച ഹാമിൾട്ടൻ 14 സീസണുകളിൽ ആയാണ് 91 ജയങ്ങൾ എന്ന അസാമാന്യ നേട്ടത്തിലേക്ക് എത്തുന്നത്. 35 കാരൻ ആയ ബ്രിട്ടീഷ് ഡ്രൈവർ ഇനിയും ഗ്രാന്റ് പ്രീയിൽ ജയങ്ങൾ തുടരും എന്നുറപ്പാണ്.
ഫോർമുല വണ്ണിലെ ഏക കറുത്ത വർഗ്ഗക്കാരൻ ആയ ഡ്രൈവർ ആയ ഹാമിൾട്ടൻ കളത്തിനു പുറത്തും ഫോർമുല വണ്ണിലെ തന്നെ എക്കാലത്തെയും വലിയ താരം ആണ്. താൻ കണ്ടു വളർന്ന ഇതിഹാസം ആയ മൈക്കിൾ ഷുമാർക്കറിന്റെ നേട്ടത്തിന് ഒപ്പം എത്തുക എന്നത് തന്റെ സ്വപ്നങ്ങളിൽ പോലും ഉണ്ടായിരുന്ന ഒന്നായിരുന്നില്ലെന്നും ഹാമിൾട്ടൻ കൂട്ടിച്ചേർത്തു. ഈ ജയം തന്നെ കൂടുതൽ വിനയമുള്ളവൻ ആക്കുന്നത് ആയും ഹാമിൾട്ടൻ പറഞ്ഞു. മക്ലാരനിൽ തന്റെ കരിയർ തുടങ്ങിയ ഹാമിൾട്ടൻ മെഴ്സിഡസിൽ ആണ് തന്റെ ഏറ്റവും വലിയ നേട്ടങ്ങൾ ഒക്കെ കൈവരിച്ചത്. നിലവിൽ ആറു ലോക കിരീടങ്ങൾ സ്വന്തമായുള്ള ഹാമിൾട്ടൻ ഈ സീസണിൽ ഏഴാം ലോക കിരീടം ഉയർത്തി ഷുമാർക്കറിന്റെ റെക്കോർഡിനു ഒപ്പം എത്തും എന്നാണ് ഏതാണ്ട് ഉറപ്പാണ്. മെഴ്സിഡസിന്റെ കാറിന്റെ മികവ് കണക്കിലെടുക്കുമ്പോൾ വിരമിക്കുന്ന സമയത്ത് ഹാമിൾട്ടൻ എത്തുന്ന നേട്ടങ്ങൾ അതിശയകരമായിരിക്കും എന്നുറപ്പാണ്.