റോളണ്ട് ഗാരോസിൽ മൂന്നാം റൗണ്ടിൽ മികച്ച ജയവുമായി നാലാം റൗണ്ടിലേക്ക് മുന്നേറി ആറാം സീഡ് ജർമ്മൻ താരം അലക്സാണ്ടർ സെരവ്. ഈ വർഷത്തെ യു.എസ് ഓപ്പൺ ഫൈനൽ കളിച്ച സെരവ് ഫ്രഞ്ച് ഓപ്പണിൽ മുമ്പ് സെമിഫൈനൽ കളിച്ച ഇറ്റാലിയൻ താരം മാർക്കോ ചെച്ചിനാറ്റോയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് മറികടന്നത്. മത്സരത്തിൽ സർവീസ് ഇരട്ടപ്പിഴവുകൾ കുറച്ച സെരവ് 10 ഏസുകൾ ആണ് മത്സരത്തിൽ ഉതിർത്തത്. ഒപ്പം 6 തവണ എതിരാളിയെ ബ്രൈക്ക് ചെയ്യുകയും ചെയ്തു. ഒരു മണിക്കൂർ 47 മിനിറ്റ് നീണ്ട മത്സരത്തിൽ 6-1, 7-5, 6-3 എന്ന സ്കോറിന് ആയിരുന്നു സെരവിന്റെ ജയം. തുടർച്ചയായ മറ്റൊരു ഗ്രാന്റ് സ്ലാമിലും മികവ് തുടരാൻ ആവും സെരവ് തുടർന്നും ശ്രമിക്കുക. യാനിക്ക് സിന്നർ ആണ് സെരവിന്റെ നാലാം റൗണ്ട് എതിരാളി.
ഇത് തുടർച്ചയായ മൂന്നാം തവണയാണ് അലക്സാണ്ടർ സെരവ് ഫ്രഞ്ച് ഓപ്പൺ അവസാന പതിനാറിൽ എത്തുന്നത്. സീഡ് ചെയ്യാത്ത നോർബർട്ട് ഗോമ്പോസിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത അർജന്റീനൻ താരം 12 സീഡ് ഡീഗോ ഷ്വാർട്ട്സ്മാനും അവസാന പതിനാറിൽ ഇടം പിടിച്ചു. ആദ്യ സെറ്റിൽ ആറു സെറ്റ് പോയിന്റുകൾ രക്ഷിച്ച ശേഷം ടൈബ്രേക്കറിലൂടെ സെറ്റ് നേടിയ അർജന്റീനൻ താരം പിന്നീട് വലിയ വെല്ലുവിളി ഒന്നും നേരിട്ടില്ല. മത്സരത്തിൽ 4 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 7 തവണ എതിരാളിയെ ബ്രൈക്ക് ചെയ്ത അർജന്റീനൻ താരം രണ്ടും മൂന്നും സെറ്റുകൾ 6-3, 6-3 എന്ന സ്കോറിന് ആണ് സ്വന്തമാക്കിയത്. ഇറ്റാലിയൻ താരം ലോറൻസോ സൊനെഗ ആണ് ഷ്വാർട്ട്സ്മാന്റെ നാലാം റൗണ്ട് എതിരാളി.