ഗോൾ പോസ്റ്റും വാറും രക്ഷ, നാടകീയതയ്ക്ക് ഒടുവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഫുൾ ടൈം വിസിലിന് ശേഷം വിജയം!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്നത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരം സംഭവ ബഹുലമായിരുന്നു. വിവാദങ്ങൾ നിറഞ്ഞ മത്സരം 100ആം മിനുട്ടിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചത്. അതും ഫുൾ ടൈം വിസിൽ കഴിഞ്ഞായിരുന്നു ആ ജയം എന്നത് ആണ് ഇന്നത്തെ നാടകീയത. ഒരു മത്സരത്തിൽ അഞ്ചു തവണ ഗോൾ പോസ്റ്റിന് അടിച്ച് ഗോളാവാതെ മടങ്ങുക എന്നത് ഫുട്ബോളിൽ അധികം നടക്കുന്ന കാര്യമല്ല. അത്തരം ഒരു നിർഭാഗ്യ ദിനമായിരുന്നു ബ്രൈറ്റണ് ഇന്ന്. മാഞ്ചസ്റ്റർ യുണൈറ്റഡിനെ വിറപ്പിച്ച പോട്ടറിന്റെ ബ്രൈറ്റണ് ഇന്ന് പരാജയം അർഹിക്കുന്നുണ്ടായിരിന്നില്ല. പക്ഷെ ഭാഗ്യം എന്നൊന്ന് ഇന്ന് ബ്രൈറ്റണ് അടുത്തു കൂടെ വരെ പോയില്ല.

അഞ്ചു തവണയാണ് ഇന്ന് ബ്രൈറ്റന്റെ ഗോൾ ശ്രമങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് പോസ്റ്റിൽ തട്ടി മടങ്ങിയത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ആകട്ടെ ആകെ തൊടുത്ത മൂന്ന് ഓൺ ടാർഗറ്റ് ഷോട്ടും ലക്ഷ്യത്തിൽ എത്തിക്കുകയും ചെയ്തു. മത്സരത്തിൽ തുടക്കം മുതൽ‌ ബ്രൈറ്റൺ ആയിരുന്നു ആധിപത്യം പുലർത്തിയത്. ആദ്യ പകുതിയിൽ 40ആം മിനുട്ടിൽ ആയിരുന്നു ബ്രൈറ്റന്റെ ആദ്യ ഗോൾ വന്നത്. ബ്രൂണൊ ഫെർണാണ്ടസ് ബ്രൈറ്റൺ യുവതാരം ലാമ്പ്റ്റിയെ വീഴ്ത്തിയതിനായിരുന്നു പെനാൾട്ടി. അത് ഒരു പനേങ്ക പെനാൾട്ടിയിലൂടെ മൊപേയ് ലക്ഷ്യത്തിൽ എത്തിച്ചു. പക്ഷെ ആ ലീഡ് മൂന്ന് മിനുട്ട് മാത്രമെ നീണ്ടു നിന്നുള്ളൂ.

ബ്രൂണൊ ഫെർണാണ്ടസ് എടുത്ത ഒരു ഫ്രീകിക്കിൽ നിന്ന് മാറ്റിച് ഗോൾമുഖത്തേക്ക് മറിച്ച പന്ത് ബ്രൈറ്റൺ താരം ഡുങ്കിന്റെ കാലിൽ തട്ടി വലയിലേക്ക് വീണു. സ്കോർ 1-1. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒരു പെനാൾട്ടി കൂടെ ബ്രൈറ്റണ് ലഭിച്ചു എങ്കിലും വാർ ആ തീരുമാനം തെറ്റാണെന്ന് തിരുത്തി. പിന്നാലെ 55ആം മിനുട്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ എത്തി. ബ്രൂണൊ ഫെർണാണ്ടസിന്റെ പാസ് സ്വീകരിച്ച് മൈതാന മധ്യത്ത് നിന്ന് കുതിച്ച മാർക്കസ് റാഷ്ഫോർഡ് ബ്രൈറ്റന്റെ പെനാൾട്ടി ബോക്സിൽ നൃത്തം വെച്ച ശേഷമായിരുന്നു വലയിൽ പന്ത് എത്തിച്ചത്. റാഷ്ഫോർഡിന്റെ ഈ സീസണിലെ രണ്ടാം ഗോളാണിത്.

ബ്രൈറ്റൺ വിജയത്തിനായി ആഞ്ഞു ശ്രമിച്ചു എങ്കിലും ഗോൾ പോസ്റ്റ് വില്ലനായി തന്നെ നിന്നും അവരുടെ ഫോർഫേഡ് ട്രൊസാർഡ് മാത്രം മൂന്ന് തവണയാണ് പോസ്റ്റിൽ അടിച്ചത്. അവസാനം 92ആം മിനുട്ടിൽ ട്രൊസാർഡിന്റെ ഒരു ഷോട്ട് സമർത്ഥമായി തടയാൻ ഡി ഹിയക്കും ആയി. എന്നാൽ 95ആം മിനുട്ടിൽ മാർചിന്റെ ഗോളിലൂടെ ബ്രൈറ്റൺ സമനില നേടി. അതോടെ ബ്രൈറ്റൺ ഒരു പോയിന്റ് എങ്കിലും നേടി എന്നാണ് കരുതിയത്. അതു കഴിഞ്ഞ് മാഞ്ചസ്റ്റർ യുണൈറ്റഡിന് കിട്ടിയ കോർണറിന് ശേഷം റഫറി ഫുൾ ടൈം വിസിലും വിളിച്ചു. പിന്നീടാണ് വാർ പരിശോധനയിൽ കോർണർ ഡിഫംഡ് ചെയ്യുന്നതിന് ഇടയിൽ പന്ത് ബ്രൈറ്റൺ താരത്തിന്റെ കയ്യിൽ കൊള്ളുന്നത് വ്യക്തമായത്.

തുടർന്ന് റഫറി പെനാൾട്ടി വിളിച്ചു. 99ആം മിനുട്ടിൽ ലക്ഷ്യം തെറ്റാതെ ബ്രൂണൊ ഫെർണാണ്ടസ് ആ പന്ത് വലയിൽ എത്തിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിന് ലീഗിലെ ആദ്യ വിജയം നൽകി. വിജയിച്ചു എങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ദയനീയ പ്രകടനം ആണ് മത്സരത്തിൽ ഉടനീളം കാണാൻ ആയത്.