ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിന് സെപ്റ്റംബർ 19ന് തുടക്കമാവും. യു.എ.ഇയിൽ വെച്ച് ടൂർണമെന്റ് നടത്താൻ കേന്ദ്ര സർക്കാർ അനുവാദം നൽകിയതോടെയാണ് ടൂർണമെന്റിന്റെ തിയ്യതികൾ തീരുമാനിച്ചത്. ഇത് പ്രകാരം സെപ്റ്റംബർ 19ന് തുടങ്ങുന്ന ടൂർണമെന്റിന്റെ ഫൈനൽ നവംബർ 10ന് നടക്കും. 53 ദിവസം നീണ്ടു നിൽക്കുന്ന ടൂർണമെന്റാവും ഇത്തവണത്തേത്.
കൊറോണ വൈറസ് വൈറസ് ബാധയെ തുടർന്ന് ഏപ്രിൽ – മെയ് മാസങ്ങളിൽ നടക്കേണ്ട ടൂർണമെന്റാണ് നിലവിൽ യു.എ.ഇയിൽ വെച്ച് നടത്താൻ ബി.സി.സി.സി തീരുമാനിച്ചത്. യു.എ.ഇയിലെ മൂന്ന് വേദികളിലായാണ് മത്സരങ്ങൾ നടക്കുക.ദുബായ്, അബുദാബി, ഷാർജ എന്നിവിടിങ്ങളിൽ വെച്ചാവും മത്സരങ്ങൾ നടക്കുക.
മത്സരങ്ങൾ സാധാരണ ദിവസങ്ങളിൽ ഇന്ത്യൻ സമയം 7.30നാവും നടക്കുക. കൂടാതെ 10 ദിവസങ്ങളിൽ രണ്ട് മത്സരങ്ങൾ വീതം നടക്കുകയും ചെയ്യും. മത്സരത്തിന് മുന്നോടിയായി ഓഗസ്റ്റ് 26 മുതൽ ടീമുകൾ യു.എ.ഇയിലേക്ക് തിരിക്കും. ചാർട്ടഡ് ഫ്ലൈറ്റുകൾ വഴിയാകും പ്രാദേശിക താരങ്ങെളയും വിദേശ താരങ്ങളെയും ടീമുകൾ യു.എ.ഇയിൽ എത്തിക്കുക. ഓരോ ഫ്രാഞ്ചൈസിക്കും 24 അംഗ ടീമിനെ ഉൾപ്പെടുത്താനുള്ള അനുവാദം ബി.സി.സി.ഐ നൽകും.