ഒബാമയങ്ങ് രാജാവ്, വെംബ്ലി ഭരിച്ച് എഫ് എ കപ്പും ഉയർത്തി ആഴ്സണൽ!!

Newsroom

എന്നും എഫ് എ കപ്പിലെ രാജാക്കൾ ആഴ്സണൽ തന്നെ ആയിരുന്നു. വെംബ്ലി അവർക്ക് എന്നും ഹോം ഗ്രൗണ്ട് പോലെയാണ് എഫ് എ കപ്പിൽ. ഒരുക്കൽ കൂടെ അത് ഗണ്ണേഴ്സ് തെളിയിക്കുന്നതാണ് ഇന്ന് കണ്ടത്. എഫ് എ കപ്പ് ഫൈനലിൽ ചെൽസിയെ നേരിട്ട ആഴ്സണൽ ലമ്പാർഡിന്റെ ടീമിനെ മലർത്തിയടിച്ച് കൊണ്ട് കിരീടം ഉയർത്തി. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയെങ്കിലും പതറാതെ പൊരുതിയാണ് 2-1ന്റെ വിജയം ആഴ്സണൽ സ്വന്തമാക്കിയത്.

മത്സരം തുടങ്ങി അഞ്ചാം മിനുട്ടിൽ തന്നെ പുലിസിച് ചെൽസിക്ക് ലീഡ് നൽകി. ഒരിടവേളയ്ക്ക് ശേഷം ആദ്യ ഇലവനിൽ എത്തിയ പുലിസിച് തനിക്ക് ലഭിച്ച ആദ്യ അവസരം തന്നെ വലയിൽ എത്തിക്കുകയായിരുന്നു. പക്ഷേ ആ ഗോളിന് ശേഷം അർട്ടേറ്റയും ടീം പതിയെ താളം കണ്ടെത്തി. 28ആം മിനുട്ടിൽ ഒരു പെനാൾട്ടി ആഴ്സണലിന് സമനില നൽകി. ഒബമയങ്ങിനെ അസ്പിലികെറ്റ വീഴ്ത്തിയതിനായിരുന്നു പെനാൾട്ടി വിധിച്ചത്. പെനാൾട്ടി എടുത്ത ക്യാപ്റ്റൻ ഒബാമയങ്ങ് ലക്ഷ്യം തെറ്റാതെ വലയിൽ എത്തിച്ചു.

പിന്നീട് കളിയുടെ നിയന്ത്രണം ആഴ്സണൽ ഏറ്റെടുത്തു. അസ്പിലികേറ്റയും പുലിസിചും പരിക്കേറ്റ് കളം വിടേണ്ടി വന്നത് ചെൽസിയുടെ കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാക്കി. രണ്ടാം പകുതിയിൽ 67ആം മിനുട്ടിൽ ആയിരുന്നു ആഴ്സണലിന് ലീഡ് നൽകിയ ഗോൾ വന്നത്. പെപെയുടെ പാസ് സ്വീകരിച്ച ഒബാമയങ്ങ് ചെൽസി ഡിഫൻസിനെ ആകെ കബളിപ്പിച്ച് ഒരു ലെഫ്റ്റ് ഫൂട്ട് ഫ്ലിക്കിലൂടെ ഗോൾ വല കണ്ടെത്തി. സ്കോർ 2-1.

പിന്നാലെ ചെൽസൊ മധ്യനിര താരം കൊവാചിച് ചുവപ്പ് കണ്ട് പുറത്തായതോടെ ചെൽസി പരുങ്ങലിലായി. ഫൈനൽ വിസിൽ വരെ ആഴ്സണലിന് അനായാസം ലീഡ് നിലനിർത്തി വിജയം ഉറപ്പിക്കാനായി. ആഴ്സണൽ പരിശീലകൻ അർട്ടേറ്റയ്ക്ക് തന്റെ പരിശീലക കരിയറിലെ ആദ്യ വർഷം തന്നെ കിരീടം ഉയർത്താനും ആയി. ആഴ്സണലിന്റെ 14ആം എഫ് എ കപ്പ് കിരീടമാണിത്. ആഴ്സണൽ ആണ് ഏറ്റവും കൂടുതൽ എഫ് എ കപ്പ് നേടിയ ടീം.