പ്രീമിയർ ലീഗിൽ ഇന്ന് ശ്രദ്ധ മുഴുവൻ ചാമ്പ്യൻസ് ലീഗ് യോഗ്യതയിലും റിലഗേഷൻ പോരിലും ആണെങ്കിലും അതിനൊപ്പം തന്നെ പ്രധാനമാണ് യൂറോപ്പ ലീഗ് യീഗ്യതയ്ക്കായുള്ള പോരാട്ടവും. പ്രീമിയർ ലീഗിൽ അഞ്ചും ആറും സ്ഥാനത്തും ഫിനിഷ് ചെയ്യുന്ന ടീമുകൾക്കാണ് യൂറോപ്പ ലീഗ് യോഗ്യത ലഭിക്കുക. ചാമ്പ്യൻസ് ലീഗ് യോഗ്യതയ്ക്കായി പോരിടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ്, ലെസ്റ്റർ സിറ്റി, ചെൽസി എന്നിവരിൽ ഒരു ടീം അഞ്ചാമത് ഫിനിഷ് ചെയ്യുമെന്ന് ഉറപ്പാണ്.
പിന്നെ ബാക്കി ഉള്ളത് ആറാം സ്ഥാനമാണ്. അതിനായി പൊരുതുബ്ബത് രണ്ട് ടീമുകളാണ്. വോൾവ്സും ടോട്ടൻഹാമും. 59 പോയന്റുമായി വോൾവ്സ് ആറാം സ്ഥാനത്തും 58 പോയന്റുമായി സ്പർസ് ഏഴാം സ്ഥാനത്തുമാണ് ഇപ്പോൾ ഉള്ളത്. വോൾവ്സ് ഇന്ന് അവസാന മത്സരത്തിൽ ചെൽസിയെയും സ്പർസ് ക്രിസ്റ്റൽ പാലസിനെയുമാണ് നേരിടുന്നത്. വിജയിക്കാൻ ആയില്ല എങ്കിൽ വോൾവ്സിന് അത് വലിയ തിരിച്ചടി ആയി മാറും. മികച്ച ഫോമിൽ ഉള്ള സ്പർസ് മോശം ഫോമിലുള്ള പാലസിനെ എളുപ്പം തോൽപ്പിക്കാൻ ആണ് സാധ്യത.
ഏഴാം സ്ഥാനത്ത് ഉള്ളവർക്കും യൂറോപ്പ കളിക്കാൻ യോഗ്യത കിട്ടാൻ സാധ്യതയുണ്ട്. എന്നാൽ അതിന് എഫ് എ കപ്പ് ഫൈനലിൽ ചെൽസി ആഴ്സണലിനെ പരാജയപ്പെടുത്തേണ്ടി വരും. ആഴ്സണൽ വിജയിക്കുക ആണെങ്കിൽ അവർക്കാകും യൂറോപ്പ ലീഗ് യോഗ്യത ലഭിക്കുക.