തങ്ങളുടെ 30 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കി ലിവർപൂൾ. ഇന്ന് നടന്ന ചെൽസി – മാഞ്ചസ്റ്റർ സിറ്റി മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ജയിക്കാതിരുന്നതോടെയാണ് ലിവർപൂൾ പ്രീമിയർ ലീഗ് കിരീടം ഉയർത്തിയത്. ലീഗിൽ 7 മത്സരങ്ങൾ ബാക്കി നിൽക്കെയാണ് ലിവർപൂൾ പ്രീമിയർ ലീഗ് കിരീടം നേടിയത്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയേക്കാൾ 22 പോയിന്റിന്റെ വമ്പൻ ലീഡുമായാണ് ലിവർപൂൾ കിരീടം നേടിയത്. 31 മത്സരങ്ങളിൽ നിന്ന് 86 പോയിന്റുമായാണ് ലിവർപൂൾ കിരീടം നേടിയത്. കൊറോണ വൈറസ് പടർന്നത് ലിവർപൂളിന്റെ കിരീട ധാരണം വൈകിച്ചെങ്കിലും അർഹിച്ച കിരീടം അവസാനം തേടിയെത്തുകയായിരുന്നു.
കഴിഞ്ഞ തവണ അവസാന ദിവസം കിരീടം കൈവിട്ട ലിവർപൂൾ ഇത്തവണ എതിരാളികൾ ഇല്ലാതെയാണ് കിരീടം സ്വന്തമാക്കിയത്. ഈ സീസണിൽ ലിവർപൂൾ 28 മത്സരം ജയിച്ചപ്പോൾ രണ്ട് മത്സരം സമനിലയിലാവുകയും ഒരു മത്സരത്തിൽ പരാജയപ്പെടുകയും ചെയ്തു. 3 – 0ന് വാട്ഫോർഡിനോട് തോറ്റ മത്സരത്തിൽ മാത്രമാണ് ഈ സീസണിൽ ലിവർപൂൾ മുഴുവൻ പോയിന്റും നഷ്ടപ്പെടുത്തിയത്. കഴിഞ്ഞ തവണ ലിവർപൂളിന് ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുത്ത യോർഗെൻ ക്ളോപ്പിന് ഈ വർഷം പ്രീമിയർ ലീഗ് കിരീടം നേടികൊടുക്കാനായത് അഭിമാന നിമിഷമായി.