ഈ വർഷം തന്നെ ഓസ്ട്രേലിയയിൽ വെച്ച് ടി20 ലോകകപ്പ് നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഓസ്ട്രേലിയൻ കായിക മന്ത്രി റിച്ചാർഡ് കോൾബാക്ക്. നേരത്തെ ഈ വർഷം ഒക്ടോബറിൽ ഓസ്ട്രേലിയയിൽ വെച്ച് നടക്കേണ്ട ടി20 ലോകകപ്പിന്റെ കാര്യത്തിൽ ഐ.സി.സി തീരുമാനം എടുത്തിരുന്നില്ല.
ഓസ്ട്രേലിയൻ സർക്കാർ ടി20 ലോകകപ്പ് നടത്താനുള്ള പദ്ധതികളുമായി മുന്നോട്ട് പോവുകയാണെന്നും ഓസ്ട്രേലിയൻ കായിക മന്ത്രി പറഞ്ഞു. ഓസ്ട്രേലിയൻ സർക്കാർ ടൂർണമെന്റ് സംഘടകരുമായി നിരന്തരം ബന്ധപെടുന്നുണ്ടെന്നും കൊറോണ വൈറസ് ഘട്ടം ഘട്ടമായി നിയന്ത്രണവിധേയമാക്കിയതിന് ശേഷം ടൂർണമെന്റ് നടത്താനുള്ള പ്രതീക്ഷയിലാണ് ഓസ്ട്രേലിയൻ സർക്കാരെന്നും കായിക മന്ത്രി പറഞ്ഞു.
കായികമത്സരങ്ങൾ നടത്തുമ്പോൾ സ്റ്റേഡിയത്തിൽ ഉൾകൊള്ളാൻ കഴിയുന്ന കാണികളുടെ 25% കാണികളെ ഉൾകൊള്ളിച്ചു കായിക മത്സരങ്ങൾ നടത്താൻ സർക്കാർ ഉടൻ തന്നെ അനുവാദം നൽകുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.