ഇന്ത്യൻ ടീം പാകിസ്ഥാനിൽ പരമ്പര കളിക്കാതിരുന്നതിനെ തുടർന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് 90 മില്യൺ അമേരിക്കൻ ഡോളറിന്റെ നഷ്ട്ടം. 2008 മുതൽ രാഷ്ട്രീയ കാരണങ്ങളെ തുടർന്ന് ഇന്ത്യ പാകിസ്ഥാനിൽ പര്യടനം നടത്തിയിട്ടില്ല. ഇതിന് ശേഷം ഇന്ത്യ ഐ.സി.സി നടത്തുന്ന ടൂർണമെന്റുകളിൽ മാത്രമാണ് പാകിസ്ഥാനെതിരെ കളിക്കുന്നത്. പാകിസ്ഥാനിൽ വെസ്റ്റിൻഡീസ് പര്യടനം നടത്തുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡും ടെലിവിഷൻ കമ്പനികളും തമ്മിൽ ഉണ്ടായിരുന്നു.
പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡും ടെലിവിഷൻ സംപ്രേഷണം നടത്തുന്ന കമ്പനികളായ ടെൻ സ്പോർട്സ്, പി.ടി.വി എന്നിവരുമായി നടത്തിയ കരാറിലാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് നഷ്ട്ടം സംഭവിച്ചത്. ടെലിവിഷൻ സംപ്രേഷകരുമായുള്ള കരാർ പ്രകാരം ഇന്ത്യ രണ്ട് തവണ പാകിസ്ഥാനിൽ പര്യടനം നടത്തേണ്ടതായിരുന്നു. ഇന്ത്യയുടെ പര്യടനമടക്കം 149 മില്യൺ ഡോളറിനാണ് ടെലിവിഷൻ കമ്പനികൾക്ക് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് കരാർ നൽകിയത്.