ഇംഗ്ലീഷ് സെന്റർ ബാക്ക് ക്രിസ് സ്മാളിംഗിനായി ടോട്ടൻഹാം രംഗത്തുള്ളതായി വാർത്ത. ഇപ്പോൾ റോമയിൽ കളിക്കുന്ന താരം അബിടെ സ്ഥിര കരാർ ഒപ്പുവെക്കും എന്നാണ് സൂചനകൾ എങ്കിലും ജോസെ മൗറീനോയുടെ സാന്നിദ്ധ്യം സ്മാളിംഗിനെ മാറ്റി ചിന്തിപ്പിക്കും എന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ പറയുന്നു. മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ മൗറീനോ ഉണ്ടായിരുന്നപ്പോൾ സ്മാളിംഗ് സ്ഥിരം സ്റ്റാർടിംഗ് ഇലവനിൽ ഉണ്ടാകാറുണ്ടായിരുന്നു.
മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ഈ സീസൺ തുടക്കത്തിൽ ലോൺ അടിസ്ഥാനത്തിൽ ആണ് സ്മാളിംഗ് റോമയിൽ എത്തിയത്. ചെറിയ കാലയളവിൽ തന്നെ റോമയുടെ ലീഡറായി മാറാൻ സ്മാളിംഗിനായി. സെന്റർ ബാക്കിൽ പകരം വെക്കാനില്ലാത്ത പ്രകടനമാണ് ഇറ്റലിയിൽ നടത്തുന്നത്. സ്മാളിംഗിനെ സ്ഥിര കരാറിൽ സൈൻ ചെയ്യണം എന്നാണ് ആഗ്രഹമെന്ന് റോമ പരിശീലകൻ ഫൊൻസെക അടുത്തിടെ പറഞ്ഞിരുന്നു.
സ്മാളിംഗിനെ പ്രകടനത്തിൽ തൃപ്തരായ റോമ അദ്ദേഹത്തിന് നേരത്തെ പുതിയ കരാർ വാഗ്ദാനം ചെയ്തിരുന്നു. 15 മില്യണോളം തുക മാഞ്ചസ്റ്റർ യുണൈറ്റഡിന് ലഭിക്കുന്ന തരത്തിൽ ഉള്ള കരാർ പക്ഷെ യുണൈറ്റഡ് നിരസിക്കുകയായിരുന്നു. അതിലും വലിയ തുക നൽകി താരത്തെ സ്വന്തമാക്കാൻ ആകും ജോസെയുടെയും സ്പർസിന്റെയും ശ്രമം.