ഹെയിന്റിച്ച് ക്ലാസ്സെന്‍ തന്റെ കന്നി ശതകം നേടിയ മത്സരത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെ 74 റണ്‍സ് വിജയം നേടി ദക്ഷിണാഫ്രിക്ക. ഇന്നലെ ബോളണ്ട് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 50 ഓവറില്‍ നിന്ന് 291 റണ്‍സ് നേടുകയായിരുന്നു. 48/3 എന്ന നിലയിലേക്ക് തകര്‍ന്ന ദക്ഷിണാഫ്രിക്കയെ ഡേവിഡ് മില്ലറുമായി ചേര്‍ന്ന് നേടിയ അഞ്ചാം വിക്കറ്റിലെ ക്ലാസ്സെന്റെ പ്രകടനമാണ് മികച്ച സ്കോറിലേക്ക് നയിച്ചത്.
149 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ നേടിയത്. ക്ലാസ്സെന്‍ 114 പന്തില്‍ നിന്ന് 123 റണ്‍സ് നേടിയപ്പോള്‍ ഡേവിഡ് മില്ലര്‍ 64 റണ്‍സാണ് നേടിയത്. കൈല്‍ വെറേയന്നേയാണ് മറ്റൊരു പ്രധാന സ്കോറര്‍. 48 റണ്‍സാണ് താരം നേടിയത്. നാലാം വിക്കറ്റില്‍ ക്ലാസ്സെനുമായി 78 റണ്‍സ് കൂട്ടുകെട്ട് കൈല്‍ നേടിയിരുന്നു. ഓസ്ട്രേലിയയ്ക്കായി പാറ്റ് കമ്മിന്‍സ് മൂന്നും മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടു വിക്കറ്റാണ് നേടിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ മൂന്നാം വിക്കറ്റില്‍ മാര്‍നസ് ലാബൂഷാനെ-സ്റ്റീവന്‍ സ്മിത്ത് കൂട്ടുകെട്ടിന്റെ ബലത്തില്‍ മത്സരത്തിലേക്ക് തിരികെ വരുമെന്ന് തോന്നിപ്പിച്ചുവെങ്കിലും 84 റണ്‍സ് കൂട്ടുകെട്ട് അവസാനിച്ചതോടെ തകര്‍ന്നടിയുകയായിരുന്നു. ലാബൂഷാനെ 41 റണ്‍സും സ്റ്റീവന്‍ സ്മിത്ത് 76 റണ്‍സും നേടി.
ഓസ്ട്രേലിയന്‍ ഇന്നിംഗ്സ് 45.1 ഓവറില്‍ 217 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കായി ലുംഗിസാനി ഗിഡി മൂന്നും ആന്റിച്ച് നോര്‍ട്ജേ, തബ്രൈസ് ഷംസി എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.