ന്യൂസിലാൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ ഇന്ത്യ പൊരുതുന്നു. ആദ്യ ഇന്നിങ്സിൽ 165 റൺസിന് പുറത്തായ ഇന്ത്യ മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് എന്ന നിലയിലാണ്. 25 റൺസുമായി വൈസ് ക്യാപ്റ്റൻ അജിങ്കെ രഹാനെയും 15 റൺസുമായി ഹനുമ വിഹാരിയുമാണ് ക്രീസിൽ. നിലവിൽ ന്യൂസിലാൻഡിന് 39 റൺസിന്റെ ലീഡാണ് ഉള്ളത്. ഇന്ത്യക്ക് വേണ്ടി 58 റൺസ് നേടിയ മായങ്ക് അഗർവാൾ ആണ് രണ്ടാം ഇന്നിങ്സിൽ മികച്ച പ്രകടനം പുറത്തെടുത്തത്.
നേരത്തെ ന്യൂസിലാൻഡിനെ ഇന്ത്യ 348 റൺസിന് ഓൾ ഔട്ട് ആക്കിയിരുന്നു. ഇന്ത്യക്കെതിരെ 183 റൺസിന്റെ ലീഡ് ആണ് ആദ്യ ഇന്നിങ്സിൽ ന്യൂസിലാൻഡ് സ്വന്തമാക്കിയത്. 89 റൺസ് എടുത്ത ക്യാപ്റ്റൻ കെയ്ൻ വില്യംസണും 44 റൺസ് വീതമെടുത്ത റോസ് ടെയ്ലറും ജാമിസണും 43 റൺസ് എടുത്ത ഗ്രാൻഡ്ഹോമുമാണ് മികച്ച ലീഡ് സമ്മാനിച്ചത്. വാലറ്റത്തെ വീഴ്ത്താൻ ഇന്ത്യൻ ബൗളർമാർക്ക് കഴിയാതെ പോയതും ഇന്ത്യക്ക് തിരിച്ചടിയായി. ഇന്ത്യക്ക് വേണ്ടി ഇഷാന്ത് ശർമ്മ 5 വിക്കറ്റും രവിചന്ദ്ര അശ്വിൻ 3 വിക്കറ്റും ബുംറയും ഷമിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.