കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് അവസാന അങ്കം

ഐ എസ് എൽ ഈ സീസണിലെ അവസാന അങ്കത്തിന് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങും. ഒഡീഷയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ഒഡീഷ എഫ് സിയെ ആണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുക. സീസണിലെ പ്രതീക്ഷകൾ ഒക്കെ നേരത്തെ തന്നെ അവസാനിപ്പിച്ച ബ്ലാസ്റ്റേഴ്സ് ഇന്ന് ഒരു വിജയവുമായി സീസൺ അവസാനിപ്പിക്കാം എന്നാകും പ്രതീക്ഷിക്കുന്നത്. അവസാന മത്സരത്തിൽ ബെംഗളൂരു എഫ് സിയെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസവും കേരള ബ്ലാസ്റ്റേഴ്സിന് ഉണ്ട്‌.

സീസൺ തുടക്കത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഗോൾ രഹിത സമനില ആയിരുന്നു പിറന്നത്. ഒഡീഷയ്ക്ക് ഇന്ന് വിജയിച്ചാൽ മുംബൈ സിറ്റിയെ മറികടന്ന് അഞ്ചാമത് ഫിനിഷ് ചെയ്യാം. അതുകൊണ്ട് തന്നെ വിജയത്തിനു വേണ്ടി തന്നെയാകും ഒഡീഷ ഇറങ്ങുക. ഇന്നും ശക്തമായ ടീമിനെ തന്നെയാകും ഈൽകോ ഷറ്റോരി അണിനിരത്തുക.