പ്രീമിയർ ലീഗിൽ സ്വന്തം മൈതാനത്ത് ന്യൂ കാസിൽ യുണൈറ്റഡിനെ നേരിട്ട ആഴ്സണലിന് മികച്ച ജയം. എതിരില്ലാത്ത 4 ഗോളുകൾക്കാണ് ആർട്ടറ്റയുടെ ടീം 3 പോയിന്റ് സ്വന്തമാക്കിയത്. ജയത്തോടെ 34 പോയിന്റ് ആയെങ്കിലും അവർ പത്താം സ്ഥാനത്ത് തന്നെ തുടരും. 31 പോയിന്റ് ഉള്ള ന്യൂ കാസിൽ 11 ആം സ്ഥാനത്താണ്. ആഴ്സണൽ യുവ താരം സാക്കയുടെ പ്രകടനവും മത്സരത്തിൽ വേറിട്ട് നിന്നു.
കളിയുടെ ആദ്യ പകുതിയിൽ വ്യക്തമായ ആധിപത്യം പുലർത്തിയെങ്കികും ലീഡ് നേടാൻ ആഴ്സണലിന് സാധിച്ചില്ല. പക്ഷെ രണ്ടാം പകുതിയിൽ ആഴ്സണൽ കാര്യങ്ങൾ വൈകിക്കാൻ നിന്നില്ല. 3 മിനുട്ടിനിടെ 2 ഗോളുകൾ നേടിയാണ് ഗണ്ണേഴ്‌സ് കളിയുടെ ചുക്കാൻ ഏറ്റെടുത്തത്. 54 ആം മിനുട്ടിൽ പെപ്പെയുടെ പാസ്സ് ഗോളാക്കി ക്യാപ്റ്റൻ ഒബാമയാങ് ആണ് ആദ്യ ഗോൾ നേടിയത്. ഏറെ വൈകാതെ കൗമാര താരം സാക്ക ഒരുക്കിയ മനോഹരമായ അവസരം മുതലാക്കി പെപ്പെ സ്കോർ ഷീറ്റിലും ഇടം നേടി. 57 ആം മിനുട്ടിലാണ് ഈ ഗോൾ പിറന്നത്. ഇതോടെ ന്യൂ കാസിൽ ഐസക് ഹൈഡൻ, മാറ്റ് റിച്ചി എന്നിവരെ ഇറകിയെങ്കിലും ആഴ്സണൽ പ്രതിരോധത്തിൽ വിള്ളൽ വീഴ്ത്താൻ അവർക്കായില്ല. കളിയുടെ അവസാന മിനുട്ടിൽ ഗോൾ നേടി ഓസിൽ ആണ് ഗണ്ണേഴ്‌സിന്റെ മൂന്നാം ഗോൾ പൂർത്തിയാക്കിയത്. 301 ദിവസങ്ങൾക്ക് ശേഷമാണ് ഓസിൽ ആഴ്സണലിനായി ലീഗ് ഗോൾ നേടുന്നത്. ഇഞ്ചുറി ടൈമിൽ ഗോൾ നേടി ലകസെറ്റ് തന്റെ ഗോൾ ക്ഷാമം തീർത്തതും ആഴ്സണലിന് ആശ്വാസമാകും. ഈ ഗോളിന് അവസരം ഒരുക്കിയതും പെപ്പെ തന്നെയായിരുന്നു.