ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പർ റിഷഭ് പന്തിന് അവസരം നൽകാത്തതിന് ഇന്ത്യൻ ടീം മാനേജ്മെന്റിനെ വിമർശിച്ച് ഡൽഹി ക്യാപിറ്റൽസ് ഉടമ പാർത്ഥ് ജിൻഡൽ. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിന്റെ താരം കൂടിയാണ് റിഷഭ് പന്ത്. കൂടാതെ രവിചന്ദ്ര അശ്വിനെ ഇന്ത്യയുടെ ഏകദിന – ടി20 ടീമുകളിൽ അവസരം നൽകാത്തതിനെയും ഡൽഹി ക്യാപിറ്റൽസ് ഉടമ വിമർശിച്ചു.
സോഷ്യൽ മീഡിയ വഴി ആണ് പാർത്ഥ് ജിൻഡൽ ഇന്ത്യൻ ടീം മാനേജ്മെന്റിനെതിരെ വിമർശനം ഉന്നയിച്ചത്. റിഷഭ് പന്ത് ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നില്ലെങ്കിൽ താരത്തിന് ന്യൂസിലാൻഡ് എ ടീമിനെതിരായ മത്സരത്തിലോ അല്ലെങ്കിൽ ആഭ്യന്തര മത്സരങ്ങളിലോ അവസരം നൽകാമായിരുന്നെന്നും പാർത്ഥ് ജിൻഡൽ പറഞ്ഞു. റിഷഭ് പന്തിനെ പോലെ കഴിവുള്ള ഒരു വ്യക്തി 5 ടി20 മത്സരങ്ങളിലും 3 ഏകദിന മത്സരങ്ങളിലും കളിക്കാതിരുന്നത് ശരിയായില്ലെന്നും ഡൽഹി ക്യാപിറ്റൽസ് ഉടമ പറഞ്ഞു.
ന്യൂസിലാൻഡിനോട് ഇന്ത്യ ഏകദിന പരമ്പര 3-0ന് തോറ്റത് ചൂണ്ടി കാട്ടിയ ജിൻഡൽ അശ്വിനെ പോലെ വിക്കറ്റ് എടുക്കുന്ന ഒരു ബൗളർ ഇന്ത്യൻ ടീമിൽ കളിക്കണമെന്നും പറഞ്ഞു. നേരത്തെ ഓസ്ട്രേലിയക്കെതിരായ പരമ്പരക്കിടെ പരിക്കേറ്റ റിഷഭ് പന്തിന് പകരക്കാരനായാണ് കെ.എൽ രാഹുൽ ഇന്ത്യൻ ടീമിന്റെ വിക്കറ്റ് കീപ്പറായത്. വിക്കറ്റ് കീപ്പിങ്ങിലും ബാറ്റിങ്ങിലും കെ.എൽ രാഹുൽ മികച്ച പ്രകടനം പുറത്തെടുത്തതോടെ റിഷഭ് പന്ത് പരിക്ക് മാറി തിരിച്ചെത്തിയിട്ടും കെ.എൽ രാഹുൽ തന്നെയായിരുന്നു ന്യൂസിലാൻഡ് പരമ്പരയിലും ഇന്ത്യയുടെ വിക്കറ്റ് കീപ്പർ.