വയനാട് ഡിസിഎയെ പരാജയപ്പെടുത്തി ഏജീസ്, ജയം 47 റണ്‍സിന്

- Advertisement -

സെലസ്റ്റിയല്‍ ട്രോഫിയില്‍ വയനാട് ഡിസിഎ ഇലവനെതിരെ 47 റണ്‍സിന്റെ വിജയം കരസ്ഥമാക്കി ഏജീസ് ഓഫീസ് റിക്രിയേഷന്‍ ക്ലബ്. ഇന്ന് നടന്ന മത്സരത്തില്‍ ഏജീസ് ആദ്യം ബാറ്റ് ചെയ്ത് 27 ഓവറില്‍ നിന്ന് 188/9 എന്ന സ്കോര്‍ നേടിയപ്പോള്‍ മറുപടി ബാറ്റിംഗനിറങ്ങിയ വയനാടിന് 4 വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സ് നേടാനായുള്ളു.

ഏജീസിന് വേണ്ടി സച്ചിന്‍ മോഹന്‍(50), മുഹമ്മദ് ഷാനു(30), അഖില്‍‍(39) എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് ടീമിനെ 188 റണ്‍സിലെത്തുവാന്‍ സഹായിച്ചത്. വയനാടിന്വേണ്ടി അഹമ്മദ് റമീസ്, അജിനാസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ഓപ്പണര്‍ ആഷില്‍ പ്രകാശ് 75 പന്തില്‍ നിന്ന് 75 റണ്‍സുമായി വയനാടിന് വേണ്ടി തിളങ്ങിയെങ്കിലും മറ്റു താരങ്ങളില്‍ നിന്ന് വേഗതയേറിയ ഇന്നിംഗ്സ് പിറക്കാതിരുന്നപ്പോള്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 27 ഓവറില്‍ നിന്ന് വയനാടിന് 141 റണ്‍സേ നേടാനായുള്ളു. ആഷില്‍ 6 ഫോറും 4 സിക്സും അടങ്ങിയ ഇന്നിംഗ്സ് പുറത്തെടുത്തപ്പോള്‍ 42 ഡോട്ട് ബോളുകളും താരം വഴങ്ങി.

ഏജീസിന് വേണ്ടി നിഖില്‍ ബാബു രണ്ട് വിക്കറ്റ് നേടി. വൈശാഖ് ചന്ദ്രന്‍, സച്ചിന്‍ മോഹന്‍ എന്നിവര്‍ ഓരോ വിക്കറ്റുമായി വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു. ഏജീസിന്റെ സച്ചിന്‍ മോഹനാണ് കളിയിലെ താരം.

Advertisement