ന്യൂസിലാൻഡിനെതിരായ മൂന്ന് ഏകദിന മത്സരങ്ങളുള്ള പരമ്പര നാണംകെട്ട് തോറ്റതിന് പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് എന്ത് പറ്റിയെന്നു ചോദ്യങ്ങൾ ഉയരുന്നു. പരമ്പരയിലെ ആദ്യ മത്സരത്തിൽ 51 റൺസ് നേടിയ വിരാട് കോഹ്ലി തുടർന്നുള്ള മത്സരങ്ങളിൽ 15, 9 എന്നീ റണ്ണുകൾക്ക് പുറത്തായിരുന്നു. ഈ പരമ്പരയിൽ 75 റൺസ് മാത്രമാണ് വിരാട് കോഹ്ലി നേടിയത്. രണ്ട് ടീമുകൾ ഉൾപ്പെട്ട പരമ്പരയിൽ ക്യാപ്റ്റൻ എന്ന നിലയിൽ വിരാട് കോഹ്ലി ഏറ്റവും കുറവ് റൺസുകൾ നേടിയ പരമ്പരയായിരുന്നു ഇത്.
കൂടാതെ പരമ്പരയിൽ വിരാട് കോഹ്ലിയുടെ ആവറേജ് വെറും 25 റൺസ് ആയിരുന്നു. 2015ന് ശേഷം ആദ്യമായിട്ടാണ് ഒരു പരമ്പരയിൽ വിരാട് കോഹ്ലിക്ക് ഇത്രയും കുറഞ്ഞ ആവറേജ്. 2015ൽ ബംഗ്ലാദേശിനെതിരായ പരമ്പരയിൽ ഉണ്ടായിരുന്ന 16.33 ആവറേജ് ആയിരുന്നു ഈ പരമ്പരയെക്കാൾ കുറഞ്ഞ ആവറേജ് വിരാട് കോഹ്ലിക്ക് ഉണ്ടായിരുന്നത്. കൂടാതെ വിരാട് കോഹ്ലി കഴിഞ്ഞ 9 ഇന്നിങ്സുകളിൽ ഒന്നിൽ പോലും സെഞ്ചുറിയും നേടിയിട്ടില്ല.
ഏകദിന പരമ്പരയിൽ വിരാട് കോഹ്ലി ഫോമിലേക്ക് ഉയരാതെ പോയതും രോഹിത് ശർമ്മ പരിക്കേറ്റ് പുറത്തുപോയതും ബൗളർമാർ തങ്ങളുടെ പതിവ് മികവ് പുറത്തെടുക്കാത്തതുമാണ് ഇന്ത്യക്ക് തിരിച്ചടിയായത്.