സഞ്ജുവിന് നിരാശ, മനീഷ് പാണ്ഡെയുടെ മികവിൽ ഇന്ത്യക്ക് മികച്ച സ്കോർ

Staff Reporter

ന്യൂസിലാൻഡിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് മികച്ച സ്കോർ. ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തിൽ 165 റൺസ് എടുക്കുകയായിരുന്നു. മികച്ച പ്രകടനം പുറത്തെടുത്ത കെ.എൽ രാഹുലും അർദ്ധ സെഞ്ചുറി നേടിയ മനീഷ് പാണ്ഡെയുമാണ് ഇന്ത്യക്ക് മികച്ച സ്കോർ നേടിക്കൊടുത്തത്. ഇന്ത്യക്ക് വേണ്ടി രോഹിത് ശർമ്മക്ക് പകരം കളിക്കാനിറങ്ങിയ മലയാളി താരം സഞ്ജു സാംസൺ  നിരാശപ്പെടുത്തി.

5 പന്തിൽ 8 റൺസ് നേടിയ സഞ്ജു സാംസൺ കുഗെലെജിന് വിക്കറ്റ് നൽകി മടങ്ങുകയായിരുന്നു. കുഗെലെജിന്റെ ആദ്യ പന്തിൽ തന്നെ സിക്സർ നേടി പ്രതീക്ഷ നൽകിയതിന് ശേഷമാണ് സഞ്ജു പുറത്തായത്. തുടർന്ന് ഇന്ത്യക്ക് വേണ്ടി കെ.എൽ രാഹുലും അവസാന ഓവറുകളിൽ മനീഷ് പാണ്ഡെയും മികച്ച പ്രകടനം പുറത്തെടുക്കുകയായിരുന്നു.

കെ.എൽ രാഹുൽ 26 പന്തിൽ 39 റൺസ് എടുത്ത് സോധിക്ക് വിക്കറ്റ് നൽകി മടങ്ങിയപ്പോൾ 36 പന്തിൽ 50 റൺസ് എടുത്ത് മനീഷ് പാണ്ഡെ പുറത്താവാതെ നിന്നു. വിരാട് കോഹ്‌ലി 11 റൺസും ശ്രേയസ് അയ്യർ 1 റണ്ണും ശിവം ഡുബെ 12 റൺസുമെടുത്ത് പുറത്തായി.  അവസാന ഓവറുകളിൽ 15 പന്തിൽ 20 റൺസ് എടുത്ത ശാർദൂൾ താക്കൂറും ഇന്ത്യൻ സ്കോർ ഉയർത്തി. ന്യൂസിലാൻഡിന് വേണ്ടി സോധി മൂന്ന് വിക്കറ്റും ബെന്നറ്റ് രണ്ട് വിക്കറ്റും വീഴ്ത്തി.