ആദ്യ റൗണ്ടിൽ നിന്ന് വ്യത്യസ്തമായി തന്റെ മികച്ച ഫോം കണ്ടത്തിയ രണ്ടാം സീഡ് നൊവാക് ജ്യോക്കോവിച്ച് ജപ്പാൻ താരം ടാറ്റ്സുമ ഇറ്റോയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു മൂന്നാം റൗണ്ടിലേക്ക് മുന്നേറി. ഇന്ത്യൻ താരം പ്രജനേഷിനെ മറികടന്ന് രണ്ടാം റൗണ്ടിലേക്ക് എത്തിയ ജപ്പാൻ താരത്തിന് എതിരെ തന്റെ വിശ്വരൂപം ആണ് സെർബിയൻ താരം പുറത്തെടുത്തത്. ആദ്യ സെറ്റ് 6-1 നു നേടിയ താരം 6-4, 6-2 എന്ന സ്കോറിന് രണ്ടും മൂന്നും സെറ്റുകൾ സ്വന്തമാക്കി മത്സരം കയ്യിലാക്കി. ആദ്യ മത്സരത്തിൽ ഒരു സെറ്റ് വഴങ്ങിയ ജ്യോക്കോവിച്ച് ഇത്തവണ അത് തിരുത്തി. അതേസമയം ജർമ്മൻ താരം ഫിലിപ്പ് പിന്മാറിയതിനാൽ ഗ്രീക്ക് താരവും ആറാം സീഡുമായ സ്റ്റെഫനോസ് സ്റ്റിസ്റ്റിപാസും മൂന്നാം റൗണ്ടിലേക്ക് രണ്ടാം റൗണ്ട് കളിക്കാതെ തന്നെ മുന്നേറി.
സ്പാനിഷ് താരം അലക്സാന്ദ്രോ ഫോകിനയെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്ന് അർജന്റീനയുടെ 14 സീഡ് ഡീഗോ ഷ്വാർട്സ്മാനും ഓസ്‌ട്രേലിയൻ ഓപ്പൺ മൂന്നാം റൗണ്ടിലേക്ക് മുന്നേറി. 6-1, 6-4, 6-2 എന്ന സ്കോറിന് ആയിരുന്നു അർജന്റീനയുടെ യുവതാരത്തിന്റെ ജയം. അതേസമയം 32 സീഡ് ആയ കനേഡിയൻ താരം മിലോസ് റയോണിക്കും മൂന്നാം റൗണ്ടിലേക്ക് അനായാസം മുന്നേറി. 6-3, 6-4, 6-2 എന്ന സ്കോറിന് ആയിരുന്നു ക്രിസ്റ്റൻ ഗാരിനു എതിരായ റയോണിക്കിന്റെ ജയം.