ഓസ്‌ട്രേലിയൻ ഓപ്പണിൽ 99 ജയം കുറിച്ച് മൂന്നാം റൗണ്ടിലേക്ക് മുന്നേറി റോജർ ഫെഡറർ

- Advertisement -

ഓസ്‌ട്രേലിയൻ ഓപ്പണിൽ തന്റെ മികച്ച തുടക്കം നിലനിർത്തി റോജർ ഫെഡറർ. ഇന്നലെ നടന്ന കടുത്ത ഒന്നാം റൗണ്ട് മത്സരശേഷം എത്തിയ എതിരാളിയായ ക്രൊയേഷ്യൻ താരം ഫിലിപ് ക്രാജിനോവിച്ചിനെ രണ്ടാം റൗണ്ടിൽ നേരിടാൻ ഇറങ്ങിയ മൂന്നാം സീഡ് പക്ഷെ ഇന്ന് എതിരാളിക്ക് ഒരു ദയയും നൽകിയില്ല. ആദ്യ സർവ്വീസ് മുതൽ തന്നെ വ്യക്തമായ ആധിപത്യം പുലർത്തിയ റോജർ ഫെഡറർ 6-1, 6-4, 6-1 എന്ന നേരിട്ടുള്ള സ്കോറിന് ആണ് ക്രൊയേഷ്യൻ താരത്തെ തകർത്തത്. ഇതോടെ ഇത് വരെ കളിച്ച എല്ലാ ഓസ്‌ട്രേലിയൻ ഓപ്പണിലും മൂന്നാം റൗണ്ട് വരെയെങ്കിലും എത്തി എന്ന റെക്കോർഡ് ഫെഡറർ നിലനിർത്തി. കൂടാതെ ഓസ്‌ട്രേലിയൻ ഓപ്പണിലെ 99 ജയം ആയിരുന്നു ഫെഡറർക്ക് ഇത്.

31 സീഡ് ഹുർകാസിനെ മറികടന്ന് വരുന്ന അപകടകാരിയായ ഓസ്‌ട്രേലിയൻ താരം ജോൺ മിൽമാൻ ആണ് മൂന്നാം റൗണ്ടിൽ ഫെഡററുടെ എതിരാളി. 6-4, 7-5, 6-3 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു മിൽമാന്റെ ജയം. അതേസമയം സ്‌പാനിഷ്‌ താരവും 9 സീഡുമായ റോബർട്ടോ ബാറ്റിസ്റ്റ അഗ്യൂറ്റും മൂന്നാം റൗണ്ടിലേക്ക് മുന്നേറി. അമേരിക്കൻ താരം മൈക്കിളിനു എതിരെ ആദ്യ സെറ്റ് 7-5 നു കൈവിട്ട ശേഷം ആയിരുന്നു റോബർട്ടോയുടെ ജയം. 6-2 നു രണ്ടാം സെറ്റും 6-4 നു മൂന്നാം സെറ്റും നേടിയ സ്പാനിഷ് താരം എതിരാളിക്ക് ഒരവസരവും നൽകാതെ 6-1 നു നാലാം സെറ്റ് സ്വന്തമാക്കി മൂന്നാം റൗണ്ട് ഉറപ്പിക്കുകയായിരുന്നു.

Advertisement