മടങ്ങി എത്തിയ സ്ലാട്ടൻ ഇബ്രാഹിമോവിച് ഗോൾ നേടിയ മത്സരത്തിൽ മിലാന് മികച്ച ജയം. കളിയാരിയെ എതിരില്ലാത്ത 2 ഗോളുകൾക്ക് മറികടന്നാണ് മിലാൻ വീണ്ടും സീരി എ യിൽ വിജയത്തിലേക്ക് എത്തിയത്. ജയത്തോടെ 25 പോയിന്റുള്ള മിലാൻ നിലവിൽ ലീഗിൽ ഏഴാം സ്ഥാനത്താണ്.
രണ്ടാം പകുതിയിൽ നേടിയ ഓരോ ഗോളുകളാണ് മിലാന്റെ ജയമില്ലാത്ത കുതിപ്പിന് അവസാനം കുറിച്ചത്. രണ്ടാം പകുതിയുടെ ആദ്യ മിനുട്ടിൽ തന്നെ റാഫേൽ ലിയോയുടെ ഗോളിൽ മിലാൻ ലീഡ് എടുത്തു. 64 ആം മിനുട്ടിലാണ് മിലാൻ ആരാധകർ കാത്തിരുന്ന ഗോൾ പിറന്നത്. തിയോ ഹെർണാടസിന്റെ പാസ്സ് മികച്ച ഫിനിഷിൽ ഇബ്ര വലയിലാക്കി മിലാന്റെ ജയം ഉറപ്പാക്കി. പിന്നീട് കളി തീരാൻ ഏതാനും മിനിറ്റുകൾ ബാക്കി നിൽക്കേ ഇബ്ര വീണ്ടും വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിധിക്കുകയായിരുന്നു.