എസ്പാനിയോളിന് എതിരായ ഡർബിയിൽ ബാഴ്സലോണക്ക് സമനില മാത്രം. 2-2 നാണ് എസ്പാനിയോൾ ബാഴ്‌സയെ സമനിലയിൽ തളച്ചത്. ഇതോടെ ല ലീഗെയിൽ ഒന്നാം സ്ഥാനത്ത് 2 പോയിന്റ് ലീഡ് ഉണ്ടായിരുന്ന ബാഴ്സക്ക് അത് നഷ്ടമായി. ലീഗിൽ അവസാന സ്ഥാനകാരാണ് എസ്പാനിയോൾ.
കളിയിൽ 88 മിനുട്ട് വരെ മുന്നിട്ട് നിന്ന ശേഷമാണ് ബാഴ്സലോണ സമനില വഴങ്ങിയത്. 75 ആം മിനുട്ടിൽ മധ്യനിര താരം ഫ്രാങ്ക് ഡി യോങ് ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയതാണ് കളിയിൽ നിർണായകമായത്. ആദ്യ പകുതിയിൽ ഡേവിഡ് ലോപസിന്റെ ഹെഡറിൽ എസ്പാനിയോൾ ആണ് കളിയിൽ ആദ്യ ലീഡ് എടുത്തത്. പക്ഷെ രണ്ടാം പകുതിയിൽ അൻപതാം മിനുട്ടിൽ സുവാരസും 59 ആം മിനുട്ടിൽ വിദാലും ഗോളടിച്ച് ബാഴ്സക്ക് ലീഡ് സമ്മാനിച്ചു. പക്ഷെ 75 ആം മിനുട്ടിൽ രണ്ടാം മഞ്ഞ കാർഡ് കണ്ട് ഡി യോങ് പുറത്തായി. 88 ആം മിനുട്ടിൽ വു ലെയ് ബാഴ്സ ഗോൾ വല കുലുക്കിയതോടെ ബാഴ്സക്ക് 1 പോയിന്റ് മാത്രം നേടി മടങ്ങേണ്ടി വന്നു.