ലോകം കാത്തിരുന്ന എൽ ക്ലാസിക്കോ പോരാട്ടത്തിന് സമനില കുരുക്ക്. ബാഴ്സയുടെ മൈതാനത്ത് നടന്ന സീസണിലെ ആദ്യ ക്ലാസിക്കോ പോരാട്ടത്തിൽ ഇരു ടീമുകളും ഗോളൊന്നും നേടാതെയാണ് പോയിന്റ് പങ്ക് വച്ചത്. ഇതോടെ ഇരു ടീമുകൾക്കും 36 പോയിന്റ് ആണെങ്കിലും മികച്ച ഗോൾ ശരാശരിയുടെ അടിസ്ഥാനത്തിൽ ബാഴ്സ ഒന്നാം സ്ഥാനത്ത് തുടരും.
ഗോൾ പിറന്നില്ല എന്നത് മാറ്റി നിർത്തിയാൽ മികച്ച മുഹൂർത്തങ്ങൾ സമ്മാനിച്ചാണ് ഈ ക്ലാസിക് പോരാട്ടവും അവസാനിച്ചത്. ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഏതാനും അവസരങ്ങൾ ലഭിച്ചെങ്കിലും ഫിനിഷിങ്ങിൽ പിഴച്ചപ്പോൾ ഗോൾ ഒന്നും പിറന്നില്ല. പതിവ് പോലെ പരുക്കൻ കളിക്ക് കുറവ് ഇല്ലാതെ വന്ന മത്സരത്തിൽ മൊത്തം പിറന്നത് 8 മഞ്ഞ കാർഡുകൾ !. ആദ്യ പകുതിയിൽ 3 ബാഴ്സ താരങ്ങൾ കാർഡ് കണ്ടപ്പോൾ രണ്ടാം പകുതിയിൽ 5 മാഡ്രിഡ് കളിക്കാർ ആണ് മഞ്ഞ കാർഡ് വാങ്ങിയത്. കളിയിൽ നേരിയ ആധിപത്യം റയൽ പുലർത്തിയത് ബാഴ്സക്ക് അൽപം വിഷമം സൃഷ്ടിച്ചെങ്കിലും കൂടുതൽ പരികില്ലാതെ കളി അവസാനിപ്പിക്കാൻ അവർക്കായി.