ഐ എസ് എല്ലിന്റെ വരവാണ് ഇന്ത്യൻ ഫുട്ബോളിനെ മാറ്റിമറിച്ചത് എന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ്മ. ഇന്ത്യയിലെ മികച്ച ഫുട്ബോൾ ടാലന്റുകളെ വളർത്തി കൊണ്ടു വരുന്നതിൽ ഐ എസ് എല്ലിന് വലിയ പങ്കുണ്ട് എന്നും രോഹിത് ശർമ്മ പറഞ്ഞു. ലാലിഗയുടെ അംബാസഡർ ആയി ശർമ്മയെ പ്രഖ്യാപിച്ച ചടങ്ങിൽ ആയിരുന്നു രോഹിത് ഐ എസ് എലിനെ പുകഴ്ത്തിയത്.
ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ക്ഷമ വേണം എന്ന് രോഹിത് പറഞ്ഞു. ക്രിക്കറ്റ് ഇന്ന് നല്ല നിലയിൽ ആയത് 1930 മുതൽ ഉള്ള പ്രയത്നമാണ് എന്ന് ഓർക്കണം എന്നും ഇന്ത്യൻ ക്രിക്കറ്റ് താരം പറഞ്ഞു. ഇന്ത്യയിലെ യുവതാരങ്ങൾക്ക് അവരുടെ മികവ് തെളിയിക്കാൻ ഉള്ള ഒരു വേദിയായി ഐ എസ് എൽ മാറുന്നതിൽ സന്തോഷമുണ്ട് എന്നും രോഹിത് പറഞ്ഞു.