ബംഗ്ളദേശിനെതിരായ പരമ്പരയിൽ നിന്ന് വിട്ട് നിൽക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി തന്നെയാണെന്ന് ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി. നവംബർ 3നാണ് ബംഗ്ളദേശിനെതിരായ പരമ്പര തുടങ്ങുന്നത്. അടുത്ത കുറച്ചു കാലങ്ങളായി തുടർച്ചയായി മത്സരങ്ങൾ കളിച്ചുകൊണ്ടിരിക്കുന്ന വിരാട് കോഹ്ലി ബംഗ്ളദേശ് പരമ്പരയിൽ നിന്ന് വിട്ട് നിൽക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു.
തുടർന്നാണ് സൗരവ് ഗാംഗുലിയുടെ പ്രതികരണം. താൻ ഒക്ടോബർ 24ന് വിരാട് കോഹ്ലിയെ കാണുമെന്നും ഈ കാര്യങ്ങൾ എല്ലാം ചർച്ച ചെയ്യുമെന്നും ഗാംഗുലി പറഞ്ഞു. വിരാട് കോഹ്ലി ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ ആണെന്നും തീരുമാനം എടുക്കാനുള്ള അവകാശം താരത്തിനുണ്ടെന്നും ഗാംഗുലി പറഞ്ഞു. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്ത ഓപ്പണർ രോഹിത് ശർമ്മയെ ഗാംഗുലി അഭിനന്ദിക്കുകയും ചെയ്തു.