ഓപ്പണറായി രോഹിതിന് ലഭിച്ചത് സ്വപ്ന തുല്ല്യമായ തുടക്കമെന്ന് സെവാഗ്

Staff Reporter

ടെസ്റ്റ് ക്രിക്കറ്റിൽ ഓപ്പണറായി കളിച്ച രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടിയ രോഹിത് ശർമയെ പുകഴ്ത്തി മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ്. ടെസ്റ്റിൽ ഓപ്പണറായി രോഹിത്തിന് സ്വപ്‍ന തുല്ല്യമായ തുടക്കമാണ് ലഭിച്ചതെന്ന് സെവാഗ് പറഞ്ഞു. സൗത്ത് ആഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിൽ ഡബിൾ സെഞ്ചുറി നേടിയ മയാങ്ക് അഗർവാളിന്റെയും രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടിയ രോഹിത് ശർമയുടെയും മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ ഇന്ത്യ 203 റൺസിന് ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചിരുന്നു.

രണ്ട് ഇന്നിങ്‌സിലുമായി 303 റൺസ് നേടിയ രോഹിത് ശർമയെ തേടി മാൻ ഓഫ് ദി മാച്ച് പുരസ്കാരവും തേടിയെത്തിയിരുന്നു. വെസ്റ്റിൻഡീസ് പര്യടനത്തിലെ മോശം ഫോമിനെ തുടർന്നാണ് ടെസ്റ്റിൽ ഓപ്പണറായിരുന്ന കെ.എൽ രാഹുലിനെ മാറ്റി രോഹിത് ശർമ്മയെ ഓപ്പണറാക്കാരൻ ഇന്ത്യൻ ടീം മാനേജ്‌മന്റ് തീരുമാനിച്ചത്.

ടെസ്റ്റിൽ രോഹിത് ശർമയുടെ പ്രകടനത്തെ കൂടാതെ ഡബിൾ സെഞ്ചുറി നേടിയ മയാങ്ക് അഗർവാളിനെയും ആദ്യ ഇന്നിങ്സിൽ 7 വിക്കറ്റ് നേടിയ സ്പിന്നർ അശ്വിനെയും രണ്ടാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഷമിയെയും രണ്ടാം ഇന്നിങ്സിൽ രോഹിത് ശർമ്മക്കൊപ്പം മികച്ച കൂട്ടുകെട്ട് ഉണ്ടാക്കിയ പൂജാരയെയും സെവാഗ് അഭിനന്ദിച്ചു.