കൊൽക്കത്ത ഫുട്ബോൾ ലീഗിലെ കിരീടം പീർലെസിന് ഉറപ്പായി. ഇന്മലെ ലീഗിലെ അവസാന മത്സരം കളിക്കാൻ ഈസ്റ്റ് ബംഗാൾ ഗ്രൗണ്ടിൽ എത്താതിരുന്നതോടെയാണ് പീർലസിന് കിരീടം ഉറപ്പായത്. ലീഗിലെ അവസാന മത്സരത്തിൽ ഈസ്റ്റ് ബംഗാൾ കസ്റ്റംസിനെ നേരിടേണ്ടതായിരുന്നു. മത്സരം നടക്കാത്തതിനാൽ കസ്റ്റംസിനെ വിജയികളായി പ്രഖ്യാപിച്ചു.
പീർലെസ് 11 മത്സരങ്ങളിൽ നിന്ന് 23 പോയന്റോടെയാണ് ലീഗിൽ ഒന്നാമത് എത്തിയത്. 10 മത്സരങ്ങളിൽ നിന്ന് 20 പോയന്റുള്ള ഈസ്റ്റ് ബംഗാളിന് കണക്കിൽ എങ്കിലും കിരീട സാധ്യത ഉണ്ടായിരുന്നു. അവസാന മത്സരത്തിൽ ഈസ്റ്റ് ബംഗാൾ എതിരില്ലാത്ത ഏഴു ഗോളിന് എങ്കിലും ജയിക്കേണ്ടിയിരുന്നു. എന്നാൽ മത്സരം കളിക്കാത്തതോടെ ഈസ്റ്റ് ബംഗാളിനെ പരാജിതരായി പ്രഖ്യാപിച്ചു. 11 മത്സരങ്ങളിൽ 20 പോയന്റ് എന്ന നിലയിൽ ഈസ്റ്റ് ബംഗാൾ ലീഗ് അവസാനിപ്പിച്ചു. 61 വർഷങ്ങൾക്ക് ശേഷമാണ് ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ, മൊഹമ്മദൻസ് എന്നീ ക്ലബുകൾ അല്ലാതെ ഒരു ക്ലബ് കൊൽക്കത്ത ഫുട്ബോൾ കിരീടം നേടുന്നത്.