മാഞ്ചസ്റ്റർ സിറ്റി താരം ബെർണാഡോ സിൽവക്ക് എതിരെ ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷന്റെ നടപടി വന്നേക്കും എന്നുറപ്പായി. താരം കുറ്റം ചെയ്തതായി അസോസിയേഷൻ കണ്ടെത്തി. സിറ്റി സഹ താരം ബെഞ്ചമിൻ മെൻഡിയെ താരം അധിക്ഷേപിച്ച് ട്വിറ്ററിൽ പോസ്റ്റിട്ടതാണ് ഫുട്ബോൾ അസോസിയേഷൻ നടപടിക്ക് കാരണമായത്.
സെപ്റ്റംബർ 22 നാണ് താരം മെൻഡിയുടെ കുട്ടിക്കാലത്തെ ചിത്രവും ഒരു കാർട്ടൂൺ ചിത്രവും വെച്ച് ട്വിറ്ററിൽ പോസ്റ്റ് ഇട്ടത്. താരം തമാശ രൂപേണ ചെയ്തത് ആണെങ്കിലും ഉടനെ തന്നെ പോസ്റ്റ് വംശീയ അധിക്ഷേപം ഉൾപ്പെടുന്നതാണ് എന്ന ആരോപണം വന്നു. ഇതോടെ താരം പോസ്റ്റ് പിൻവലിച്ചെങ്കിലും ഫുട്ബോൾ അസോസിയേഷൻ ഇക്കാര്യം ഗൗരവമായി എടുക്കുകയായിരുന്നു. താരത്തെ പിന്തുണച് പെപ് ഗാർഡിയോളയും, റഹീം സ്റ്റർലിങും, മെൻഡിയും രംഗത്ത് വന്നെങ്കിലും ഫലം ഉണ്ടായില്ല.
ഈ മാസം 9 വരെ താരത്തിന് മറുപടി നൽകാൻ അവസരം ഉണ്ട്. മറുപടി തൃപതികരമല്ലെങ്കിൽ താരത്തിന് അഞ്ചിൽ അധികം മത്സരങ്ങളിൽ വിലക്ക് ലഭിക്കാൻ സാധ്യതയുണ്ട്. നിലവിലെ സാഹചര്യത്തിൽ താരത്തിന് എതിരെ നടപടി വരും എന്ന് ഏതാണ്ട് ഉറപ്പാണ്.