ഇന്ന് ബംഗ്ലാദേശിനെതിരെയുള്ള ഫൈനല്‍ മത്സരത്തില്‍ റഷീദ് ഖാന് കളിക്കുമോ ഇല്ലയോ എന്നതില്‍ തീര്‍ച്ചയൊന്നും വന്നിട്ടില്ലെങ്കിലും ടീമും താരവും ആ പ്രതീക്ഷയോടെയാണ് നിലകൊള്ളുന്നത്. തന്നെ ഫൈനലിലേക്ക് മെഡിക്കല്‍ ടീം അനുമതി നല്‍കിയേക്കുമെങ്കിലും അത്ര സുഖകരമല്ല കാര്യങ്ങളെന്നാണ് താരം തന്നെ പറയുന്നത്. തനിക്ക് ഇപ്പോള്‍ കാര്യമായി ഒന്നും പറയാനാകില്ലെങ്കിലും തന്റെ ഹാംസ്ട്രിംഗില് കഴിഞ്ഞ രണ്ട് ദിവസമായി താന്‍ വര്‍ക്ക് ചെയ്യുന്നുണ്ടെന്ന് റഷീദ് ഖാന് പറഞ്ഞു. അന്തിമ തീരുമാനം മാച്ച് ഡേയുടെ അന്ന് മാത്രമേ ഉണ്ടാകുകയുള്ളുവെന്നും താരം പറഞ്ഞു.
അന്ന് പരിക്കേറ്റ് പുറത്ത് പോയ താന്‍ വീണ്ടും പന്തെറിയുവാന്‍ വന്നത് പരിക്ക് എത്രത്തോളും ഗുരുതരമാണെന്ന് കണ്ടെത്താനായിരുന്നുവെന്നും റഷീദ് ഖാന് പറഞ്ഞു. കോച്ചും ഫിസിയോയും താന്‍ വീണ്ടും ബൗളിംഗ് ചെയ്യുന്നതിനെതിരായിരുന്നു. താനും ഇപ്പോള്‍ പന്തെറിയരുതായിരുന്നുവെന്നാണ് ചിന്തിക്കുന്നതെങ്കിലും ആ സമയത്ത് പന്തെറിയേണ്ടത് ടീമിന്റെ ആവശ്യം കൂടിയായിരുന്നുവെന്നും റഷീദ് ഖാന് പറഞ്ഞു.
അസ്ഗര്‍ അഫ്ഗാന് തന്റെ അപ്പെന്‍ഡിക്സ് ശസ്ത്രക്രിയയ്ക്ക് നാല് ദിവസം ശേഷം സിംബാബ്വേയില് കളിക്കുവാന്‍ വന്നത് താന്‍ കണ്ടതാണ്. ഞങ്ങള്‍ക്കെല്ലാം രാജ്യത്തിന് വേണ്ടി കളിക്കുക എന്നത് ആവേശമാണ്, അതിനാല്‍ തന്നെ പത്ത് ശതമാനം ഫിറ്റാണെങ്കില്‍ പോലും താന്‍ ടീമിനെ വിജയത്തിലേക്ക് നയിക്കുവാന്‍ കളത്തിലിറങ്ങുവാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണെന്നും റഷീദ് ഖാന് പറഞ്ഞു.