അകില ധനന്‍ജയയ്ക്ക് വിലക്ക്

Sports Correspondent

ശ്രീലങ്കയുടെ സ്പിന്നര്‍ അകില ധനന്‍ജയയെ ബൗളിംഗില്‍ നിന്ന് വിലക്കി ഐസിസി. സംശയാസ്പദമായ ബൗളിംഗ് ആക്ഷനാണ് താരത്തിനെ വിലക്കുവാനുള്ള കാരണം. ന്യൂസിലാണ്ടിനെതിരെ ഗോള്‍ ടെസ്റ്റില്‍ ആണ് താരത്തിന്റെ ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്തത്. അതിന് ശേഷം ഓഗസ്റ്റ് 29ന് ചെന്നൈയില്‍ നടത്തിയ പരിശോധനയിലാണ് താരത്തിന്റെ ബൗളിംഗ് ആക്ഷന്‍ നിയമപ്രദമായിട്ടുള്ളതല്ലെന്ന് തിരിച്ചറിഞ്ഞത്.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഗോളില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റില്‍ താരത്തിനെ സമാനമായ സാഹചര്യത്തില്‍ റിപ്പോര്‍ട്ട് ചെയ്യുകയും വിലക്കുകയും ചെയ്തിരുന്നു. പിന്നീട് ഈ വര്‍ഷം ഫെബ്രുവരിയിലാണ് താരത്തിനെ ബൗളിംഗ് ചെയ്യുവാന്‍ അനുവദിച്ചത്. ഇത് രണ്ടാമത്തെ തവണയായതിനാല്‍ താരത്തെ 12 മാസത്തേക്കാണ് വിലക്കിയത്. വിലക്ക് അവസാനിച്ച ശേഷം പുതുക്കിയ ആക്ഷനുമായി താരത്തിന് ഐസിസിയെ സമീപിക്കാവുന്നതാണ്.

6 ടെസ്റ്രിലും 36 ഏകദിനത്തിലും 22 ടി20യിലായി ശ്രീലങ്കയെ പ്രതിനിധീകരിച്ച താരത്തിന് 106 അന്താരാഷ്ട്ര വിക്കറ്റാണുള്ളത്.