യൂറോപ്പ ലീഗിന്റെ തങ്ങളുടെ ആദ്യ മത്സരത്തിൽ ആഴ്സണൽ ജർമൻ എതിരാളികളായ ഫ്രാങ്ക് ഫർട്ടിനെ നേരിടും. കഴിഞ്ഞ വർഷത്തെ യൂറോപ്പ ലീഗ് റണ്ണേഴ്സ് അപ്പ് ആണ് ആഴ്സണൽ. ഫൈനലിൽ പ്രീമിയർ ലീഗ് എതിരാളികളായ ചെൽസിയോടാണ് ആഴ്സണൽ തോറ്റത്. ഫൈനലിൽ തോറ്റതോടെ ചാമ്പ്യൻസ് ലീഗ് യോഗ്യത ആഴ്സണലിന് നഷ്ടമായിരുന്നു. കഴിഞ്ഞ തവണ കൈവിട്ട കിരീടം ഇത്തവണ ലണ്ടനിൽ എത്തിക്കാൻ ഉറച്ചു തന്നെയാണ് ഉനൈ എമേറിയും സംഘവും.
അതെ സമയം കഴിഞ്ഞ വർഷത്തെ ജേതാക്കളായ ചെൽസിയോട് സെമിയിൽ പെനാൽറ്റിയിൽ തോറ്റാണ് ഫ്രാങ്ക്ഫർട്ട് കഴിഞ്ഞ തവണ പുറത്തുപോയത്. കഴിഞ്ഞ വർഷം ഫ്രാങ്ക്ഫർട്ടിന്റെ പകുതിയിൽ അധികം ഗോളുകൾ നേടിയ ലുക്കാ ജോവിച്ച്, സെബാസ്റ്റ്യൻ ഹാലർ, ആന്റെ റെബിച്ച് എന്നിവർ ടീം വിട്ടത് ഫ്രാങ്ക്ഫർട്ടിനെ ദുർബലമാക്കിയിട്ടുണ്ട്.
ആഴ്സണൽ നിരയിൽ മെസ്യൂട് ഓസിലും സോക്രടീസും ടീമിനൊപ്പം ജർമനിയിലേക്ക് യാത്ര ചെയ്തിട്ടില്ല. കൂടാതെ പരിക്ക് മൂലം ഫോർവേഡ് ആന്ദ്രേ ലാകസറ്റെയുടെ സേവനവും ആഴ്സണലിന് നഷ്ടമാകും. ഫ്രാങ്ക്ഫർട്ട് നിരയിൽ പരിക്കേറ്റ ഗാസിനോവിച്ചും ജോനാഥൻ ഡി ഗുസ്മാനും ഇന്ന് കളിക്കില്ല.