ഓസ്ട്രേലിയൻ യുവതാരമായ ഡാനിയൽ അർസാനി നീണ്ട ഇടവേളയ്ക്ക് ശേഷം കളത്തിൽ തിരികെയെത്തുന്നു. സ്കോട്ടിഷ് ക്ലബായ കെൽറ്റിക്കിൽ കളിക്കുന്ന അർസാനി അവരുടെ റിസേർവ് ടീമിന് കളിച്ച് കൊണ്ടാകും ഫുട്ബോൾ പിച്ചിലേക്ക് തിരികെ എത്തുക. കെൽറ്റിക്കിൽ തന്റെ അരങ്ങേറ്റ ദിവസം പരിക്കേറ്റ അർസാനിക്ക് 11 മാസമാണ് പുറത്തിരിക്കേണ്ടി വന്നത്.
കഴിഞ്ഞ സീസൺ ആരംഭത്തിൽ ഓസ്ട്രേലിയൻ ക്ലബായ മെൽബൺ സിറ്റിയിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയ താരം ലോണിൽ ആയിരുന്നു സ്കോട്ലാൻഡിൽ എത്തിയത്. അവിടെ ഡുണ്ഡീ യുണൈറ്റഡിനെതിരായ മത്സരത്തിൽ രണ്ടാം പകുതിയിൽ സബ്ബായി എത്തി അരങ്ങേറ്റ കുറിച്ച അർസാനിക്ക് പക്ഷെ 20 മിനുട്ടെ കളത്തിൽ നിൽക്കാൻ കഴിഞ്ഞുള്ളൂ. അപ്പൊഴേക്ക് പരിക്കേറ്റ് മടങ്ങേണ്ടി വന്നു.
കാൽ മുട്ടിനേറ്റ പരിക്ക് താരത്തിന്റെ കരിയറിന് തന്നെ ഭീഷണി ആവുകയായിരുന്നു. കഴിഞ്ഞ ലോകകപ്പിൽ ഓസ്ട്രേലിയയുടെ കൂടെ ഉണ്ടായിരുന്ന അർസാനി ലോകകപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയായിരുന്നു.